ന്യൂഡൽഹി ∙ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരായ വിമർശനങ്ങളിൽ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ. എണ്ണവില കുതിച്ചുയരുമ്പോൾ ഏറ്റവും മികച്ച ഇടപാടിനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുകയെന്നും ഇന്ത്യയും അതാണു ചെയ്തതെന്നും ജയ്ശങ്കർ പറഞ്ഞു. തായ്‍ലൻഡിലെ ബാങ്കോക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘എണ്ണയുടെയും വാതകത്തിന്റെയും വില അകാരണമായി ഉയരുകയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങിയിരുന്ന യൂറോപ്യൻ രാജ്യങ്ങൾ അളവ് കുറച്ചതോടെ, വിതരണക്കാർ ഈ രാജ്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. മിഡിൽ ഈസ്റ്റിൽനിന്നും മറ്റുമായി യൂറോപ്പ് കൂടുതലായി ഇവ വാങ്ങിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ ആരാണ് എണ്ണയും വാതകവും ഇന്ത്യയ്ക്കു വിതരണം ചെയ്യുക? ഇതാണ് ഇന്നത്തെ സാഹചര്യം.
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന, വിലക്കയറ്റം കുറയ്ക്കുന്ന മികച്ച ഇടപാട് സാധ്യമാക്കാനാണ് എല്ലാ രാജ്യവും സ്വാഭാവികമായി ഇത്തരം സന്ദർഭങ്ങളിൽ ശ്രമിക്കുക. തീർച്ചയായും ഇന്ത്യയും അതുതന്നെയാണു ചെയ്യുന്നത്. ഇതിന്റെ പേരിൽ രാജ്യം പ്രതിരോധത്തിലാകേണ്ട കാര്യമില്ല. രാജ്യത്തിന്റെ താൽപര്യങ്ങളെപ്പറ്റി ഇന്ത്യയ്ക്കു തുറന്നതും സത്യസന്ധവുമായ നിലപാടാണുള്ളത്. ഇന്ത്യൻ ജനതയ്ക്ക് ഊർജവിലക്കയറ്റം താങ്ങാനാകില്ല.
ആളോഹരി വരുമാനം 2,000 ഡോളറുള്ള ഒരു രാജ്യമാണ് എന്റേത്. ഈ ജനതയ്ക്ക് ഉയർന്ന ഊർജവിലക്കയറ്റം സഹിക്കാനാകില്ല. സാധ്യമായ ഏറ്റവും മികച്ച ഇടപാട് ഉറപ്പാക്കുകയെന്ന് എന്റെ കർത്തവ്യവും ധാർമിക ചുമതലയുമാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇന്ത്യയുടെ നിലപാട് അറിയാം. ഇതുപോലെ മുന്നോട്ടുപോകുന്നതിൽ അവർക്കു തടസ്സവുമില്ല.’– ജയ്‌ശങ്കർ വ്യക്തമാക്കി.
English Summary: "My Moral Duty To...": Foreign Minister On Why India Is Buying Russian Oil