ADVERTISEMENT

ന്യൂഡൽഹി ∙ കൂട്ടമാനഭംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ ബിൽക്കിസ് ബാനു. നീതിന്യായവ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും 20 വർഷം മുൻപുണ്ടായ ആഘാതം തിരികെ വന്നിരിക്കുന്നുവെന്നും ബിൽക്കിസ് ബാനു ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ സുരക്ഷയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചോയെന്ന് ചോദിച്ച അവർ, 11 പ്രതികളെ വിട്ടയച്ച തീരുമാനം ഗുജറാത്ത് സർക്കാർ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

‘‘രണ്ട് ദിവസം മുൻപ് കഴിഞ്ഞ 20 വർഷത്തെ ആഘാതം എന്നെ വീണ്ടും അലട്ടി. ശിക്ഷിക്കപ്പെട്ട 11 പേർ എന്റെ കുടുംബത്തെയും എന്റെ ജീവിതത്തെയും തകർത്തു. മൂന്നു വയസ്സുള്ള മകളെ എന്നിൽ നിന്ന് അപഹരിച്ചു. ഞാൻ നീതിന്യായവ്യവസ്ഥയിൽ വിശ്വസിച്ചു. കുറ്റവാളികളുടെ മോചനം എന്റെ സമാധാനം കവർന്നു. നീതിയിലുള്ള എന്റെ വിശ്വാസത്തെ ഉലച്ചിരിക്കുന്നു.’’

‘‘ഇത്രയും വലുതും അന്യായവുമായ തീരുമാനം എടുക്കുന്നതിനു മുൻപ് ആരും എന്റെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചില്ല. ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള എന്റെ അവകാശം തിരിച്ചു തരാൻ ഞാൻ ഗുജറാത്ത് സർക്കാരിനോട് അഭ്യർഥിക്കുന്നു. ദയവായി ഞാനും കുടുംബവും സുരക്ഷിതരാണെന്ന് ഉറപ്പാക്കൂ’’– ബിൽക്കിസ് ബാനു ആവശ്യപ്പെട്ടു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ, ബിൽക്കിസ് ബാനുവിനെ കൂട്ടം ചേർന്നു പീഡിപ്പിക്കുകയും അവരുടെ 3 വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സർക്കാർ സ്വതന്ത്രരാക്കിയിരുന്നു. കേസിൽ 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു.

15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു. തുടർന്ന് പഞ്ചമഹൽസ് കലക്ടർ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സർക്കാർ മോചിപ്പിച്ചത്.

English Summary: "Give Me Back My Right To Live Without Fear And In Peace": Bilkis Bano

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com