സുകാഷ് ചന്ദ്രശേഖർ 200 കോടി തട്ടിച്ച കേസ്: നടി ജാക്വിലിന്റെ പേരും കുറ്റപത്രത്തിൽ

Mail This Article
മുംബൈ∙ സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അനുബന്ധ കുറ്റപത്രത്തിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ പേരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിനെ നിരവധിത്തവണ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ 200 കോടി രൂപ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം. 2017 ൽ അറസ്റ്റിലായ സുകാഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്. സുകാഷും ജാക്വിലിനും ഡേറ്റിങ്ങിലാണെന്നാണ് സുകാഷിന്റെ അഭിഭാഷന്റെ നിലപാട്. എന്നാൽ ജാക്വിലിന്റെ സംഘം ഇതു നിഷേധിച്ചിട്ടുണ്ട്.
നേരത്തേ, താരത്തിന്റെ 7.27 കോടി രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിനു വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നൽകിയ 15 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയതെന്നാണ് വിവരം. സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽനിന്ന് ഏതാണ്ട് 5.71 കോടി രൂപ വിലമതിക്കുന്ന നിരവധി സമ്മാനങ്ങൾ സുകാഷ് ചന്ദ്രശേഖർ ജാക്വിലിന് നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ തെളിഞ്ഞതായി ഇഡി അറിയിച്ചിരുന്നു.
English Summary: Jacqueline Fernandez Named As Accused in Charge Sheet Filed By ED in Rs 200 Cr Extortion Case