ADVERTISEMENT

തിരുവനന്തപുരം ∙ വിദേശ പൗരന്മാരുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരക്കാരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ ഇവർ വിലകൂടിയ സമ്മാനം വാഗ്ദാനം ചെയ്യും. പിന്നീട് ഡൽഹി കസ്റ്റംസ് ഓഫിസർ എന്ന പേരിൽ ഫോണിലേക്കു വിളി വരും. നിങ്ങളുടെ പേരിൽ വന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ നികുതി അടയ്ക്കത്തതിനാൽ കസ്റ്റംസ് പിടിച്ചിട്ടുണ്ടെന്നും നൽകുന്ന അക്കൗണ്ടിലേക്ക് തുക അടച്ച് സമ്മാനങ്ങൾ കൈപ്പറ്റണമെന്നുമാകും നിർദേശം. ഇത് ശുദ്ധ തട്ടിപ്പാണെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.

കേരള പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റ്:

റോളക്സിൽ വീഴാത്ത നരനും ഡയമണ്ടിൽ വീഴാത്ത നാരിയും ഇങ്ങ് കേരളത്തിലുണ്ടെന്നു നമുക്ക് തെളിയിക്കണം. അല്ല പിന്നെ... ഇതൊന്ന് ശ്രദ്ധിക്കണേ...

വിദേശ പൗരന്മാരുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്. ഏതെങ്കിലും മേഖലയിൽ ഉന്നത ഉദ്യോഗസ്ഥനാണെന്നും, ധനികനാണെന്നും ഒറ്റ നോട്ടത്തിൽ ധാരണ ഉണ്ടാക്കുന്ന തരത്തിലായിരിക്കും തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിൽ വിദേശികളുടെ പേരിൽ പ്രൊഫൈലുകൾ ക്രിയേറ്റ്  ചെയ്യുന്നത്.

അവരുടെ റിക്വസ്റ്റ് സ്വീകരിച്ചാൽ വളരെ മാന്യമായി ഇടപഴകി നമ്മോട് അടുത്ത സൗഹൃദം സ്ഥാപിക്കും. അടുത്ത സുഹൃത്തായി അംഗീകരിച്ചു കഴിഞ്ഞെന്നു മനസ്സിലായാൽ അവരുടെ അടുത്ത നീക്കം നമ്മുടെ വിലാസത്തിൽ സമ്മാനം അയച്ചു നൽകാമെന്നോ, നമ്മളെ കാണാൻ വരാമെന്നോ ആയിരിക്കും. വിലകൂടിയ സമ്മാനങ്ങൾ നിങ്ങളുടെ വിലാസം എഴുതി പാക്ക് ചെയ്യുന്ന ഫോട്ടോകൾ വരെ അവർ നിങ്ങൾക്ക് അയച്ചു തന്നേക്കാം. തട്ടിപ്പ് ആരംഭിക്കുന്നത് പിന്നെയാണ്.

സമ്മാനം നമ്മുടെ വിലാസത്തിൽ എത്താനുള്ള സമയം ആകുമ്പോൾ ഡൽഹി കസ്റ്റംസ് ഓഫിസർ എന്ന രീതിയിൽ നിങ്ങളുടെ ഫോണിലേക്ക് ഒരു കോൾ വരും. നിങ്ങളുടെ പേരിൽ നികുതി അടയ്ക്കാതെ വന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ കസ്റ്റംസ് പിടിച്ചിട്ടുണെന്നും, ഉടൻ നികുതി തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകി സാധനങ്ങൾ കൈപ്പറ്റണം എന്നൊക്കെയായിരിക്കും ഫോണിൽ നിങ്ങളോട് ആവശ്യപ്പെടുക. അതിൽ വീണാൽ നിങ്ങളുടെ പണം നഷ്ടമാകും എന്നല്ലാതെ മറ്റൊരു മെച്ചവും ഉണ്ടാകില്ലെന്ന് പ്രത്യേകം പറയണ്ടല്ലോ.

English Summary: Kerala Police on Fake Social Media Accounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com