ADVERTISEMENT

ന്യൂഡൽഹി∙ റോഹിൻഗ്യൻ അഭയാർഥി വിഷയത്തിൽ നിലപാടുമാറ്റി കേന്ദ്രസർക്കാർ. റോഹിൻഗ്യൻ അഭയാർഥികൾക്ക് സർക്കാർ ഫ്ലാറ്റുകള്‍ നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും റോഹിൻഗ്യകളെ തിരിച്ചയയ്ക്കാൻ നടപടി തുടങ്ങിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മ്യാൻമറിൽ നിന്നുള്ള റോഹിൻഗ്യൻ അഭയാർഥികൾക്ക് ഡൽഹിയിൽ ഫ്ലാറ്റുകളും പൊലീസ് സംരക്ഷണവും നൽകുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് തിരുത്തുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയത്. ഡൽഹിയിലെ ബക്കർവാലയിൽ റോഹിൻഗ്യൻ അനധികൃത കുടിയേറ്റക്കാർക്ക് ഫ്ലാറ്റുകൾ നൽകാൻ ആഭ്യന്തര മന്ത്രാലയം നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. 

എല്ലാ റോഹിൻഗ്യൻ അഭയാർഥികളെയും ഡൽഹിയിലെ ബക്കർവാല ഏരിയയിലെ ഫ്ലാറ്റുകളിലേക്ക് മാറ്റുമെന്നും അവർക്ക് അടിസ്ഥാന സൗകര്യങ്ങളും ഡൽഹി പൊലീസിന്റെ സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു ഹർദീപ് സിങ് പുരിയുടെ ട്വീറ്റ്. ‘‘അഭയം തേടിയവരെ ഇന്ത്യ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. 1951ലെ യുഎൻ അഭയാർഥി കൺവൻഷനെ ഇന്ത്യ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വംശമോ മതമോ പരിഗണിക്കാതെ എല്ലാവർക്കും അഭയം നൽകുന്നു’’–  അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ഹർദീപ് സിങ് പുരിയുടെ പരാമർശത്തിൽ വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ഹർദീപ് സിങ് പുരിയുടെ പരാമർശം നിർഭാഗ്യകരമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു. കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭയാർഥികളുടെ അവകാശങ്ങളും അവരെ സംരക്ഷിക്കാനുള്ള രാജ്യങ്ങളുടെ ബാധ്യതകളും വ്യക്തമാക്കുന്ന 1951ലെ യുഎൻ കൺവൻഷനിൽ ഇന്ത്യ ഒപ്പുവച്ചിട്ടില്ല. മ്യാൻമറിലെ ലക്ഷക്കണക്കിന് റോഹിൻഗ്യകള്‍ പീഢനങ്ങളെ തുടർന്ന് വർഷങ്ങളായി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. ഒരു ദശലക്ഷത്തോളം റോഹിൻഗ്യകള്‍ക്ക് ബംഗ്ലദേശ് അഭയം നൽകിയിട്ടുണ്ട്.

English Summary: No direction given to provide flats to Rohingyas in Delhi, clarifies MHA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com