ADVERTISEMENT

കൊച്ചി ∙ കാക്കനാട് ഫ്ലാറ്റിൽവച്ച് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതിനു കാരണം ലഹരി ഇടപാടിലെ തർക്കമെന്നു സൂചന. പിടിയിലായ അര്‍ഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണനും ലഹരി ഉപയോഗിച്ചിരുന്നുവെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. ഫ്ലാറ്റിൽ നേരത്തെ മുതൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും അക്കാര്യം ആരും പൊലീസിനെ അറിയിച്ചില്ല. ഫ്ലാറ്റുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നും അജ്ഞാതർ വന്നാൽ അറിയിക്കണമെന്നുമുള്ള പൊലീസ് നിര്‍ദേശം കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ലാറ്റില്‍ പാലിച്ചില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട സജീവും കൊലപാതകിയെന്നു പൊലീസ് സംശയിക്കുന്ന അർഷാദും താമസിച്ചിരുന്ന ഫ്ലാറ്റില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നിട്ടും റസിഡന്റ്സ് അസോസിയേഷന്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. വിവരങ്ങള്‍ അറിയിക്കാതെ പോകുന്നതാണ് ഇത്തരം സംഭവങ്ങളിലെത്തിക്കുന്നത്. ഫ്ലാറ്റിൽനിന്നു ലഹരി മരുന്നു ലഭിച്ചിട്ടില്ല. എന്നാൽ സംശയകരമായ ചില സൂചനകളുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കാസർകോട്ട് പിടിയിലായ അർഷാദ് മലപ്പുറം കൊണ്ടോട്ടിയിൽ മോഷണക്കേസിൽ പ്രതിയാണെന്നു വ്യക്തമായിട്ടുണ്ടെന്നു കമ്മിഷണർ അറിയിച്ചു. കൊല നടന്നത് രണ്ടു ദിവസം മുൻപാണെന്നും കമ്മിഷണർ സ്ഥിരീകരിച്ചു.

∙ അർഷാദ് പിടിയിലായത് ലഹരിമരുന്നുമായി

അതിനിടെ, കൊലപാതകത്തിനുശേഷം കൊച്ചിയിൽനിന്നു മുങ്ങിയ പ്രതി അർഷാദും സുഹൃത്തും കാസർകോട് മഞ്ചേശ്വരത്ത് പിടിയിലായത് ലഹരിമരുന്നു സഹിതമാണെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ, ലഹരിമരുന്ന് കൈവശം വച്ചതിനു കേസെടുത്ത് ഇരുവരെയും കാസർകോട്ടെ കോടതിയിൽ ഹാജരാക്കും. അതിനു ശേഷമാകും കൊച്ചി പൊലീസ് കസ്റ്റഡിയിൽ വാങ്ങുക.

ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അർഷാദിനെയും സുഹൃത്തിനെയും മഞ്ചേശ്വരത്തുവച്ച് പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട അർഷാദ് വാഹനം ഉപേക്ഷിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. അർഷാദിനൊപ്പം പിടിയിലായ കോഴിക്കോട് സ്വദേശി അശ്വന്ത് കൊലക്കേസിൽ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു.

∙ കൊലപാതകം പുറത്തറിഞ്ഞത് ചൊവ്വാഴ്ച

കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്സോണിയ ഫ്ലാറ്റിൽ ഇന്നലെയാണു സജീവ് കൃഷ്ണനെന്നയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സജീവ് ഉൾപ്പെടെ 5 യുവാക്കൾ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം.

കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. തുടർച്ചയായി ബെല്ലടിച്ചിട്ടും ആരും വാതിൽ തുറന്നിരുന്നില്ല. സജീവനെ ഫോണിൽ‌ വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. അർഷാദിനെ ബന്ധപ്പെട്ടപ്പോൾ ഫോൺ കട്ടാക്കിയതിനുശേഷം സ്ഥലത്തില്ലെന്ന് അർഷാദ് സന്ദേശമയച്ചുവെന്നും ഇവർ മൊഴി നൽകിയിരുന്നു.

English Summary: Sajeev Krishnan murder updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com