കൊച്ചി∙ കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുന്നിൽ പഷ്ണിക്കിണ്ണങ്ങളുമായി വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധം. ബിടെക് വിദ്യാർഥികൾ പഠിക്കുന്ന സഹാറ ഹോസ്റ്റലിൽ മെസ് അടച്ചിട്ടിരിക്കുന്നതിനാൽ ഭക്ഷണം കിട്ടുന്നില്ലെന്നാണു പരാതി. 400 വിദ്യാർഥികൾക്കു ഭക്ഷണം നൽകാൻ കഴിയുന്ന മെസാണ് ഒരു കാരണവുമില്ലാതെ അടച്ചിട്ടിരിക്കുന്നതെന്നു വിദ്യാർഥികൾ പറയുന്നു. 280 വിദ്യാർഥികളാണ് നിലവിൽ ഹോസ്റ്റലിലുള്ളത്. പുറത്തു പിജിയിലും മറ്റും 40 വിദ്യാർഥികളും പഠിക്കുന്നുണ്ട്. പുറത്തുനിന്നു ഭക്ഷണം കഴിക്കേണ്ടി വരുന്നതു ചെലവു വർധിപ്പിക്കുന്നെന്നും പലരുടെയും പഠനം മുടങ്ങുന്ന സാഹചര്യമുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
എസ്‌സി, എസ്‍ടി വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്കു പ്രയോജനപ്പെടേണ്ട മെസാണ് കെടുംകാര്യസ്ഥത കൊണ്ടും സ്വാർഥ താൽപര്യം കൊണ്ടും പ്രവർത്തിക്കാതെ കിടക്കുന്നത്. ഈ വിദ്യാർഥികൾക്ക് മെസ് ഫീസ് സർക്കാരാണ് നൽകേണ്ടത്. അതിന് മെസ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നു ചുമതലയുള്ള മെസ് സെക്രട്ടറി രേഖാമൂലം സർക്കാരിനെ അറിയിക്കണം. എന്നാലെ യൂണിവേഴ്സിറ്റിക്കു വകുപ്പിൽനിന്ന് ഇതിനുള്ള പണം അനുവദിക്കൂ. മെസ് പ്രവർത്തിക്കാത്തതിനാൽ ഈ വിദ്യാർഥികളും പുറത്തു പോയി കഴിക്കേണ്ടി വരുന്നു. മാത്രമല്ല സർക്കാർ നൽകേണ്ട തുക നഷ്ടപ്പെട്ടു പോകുകയുമാണ്.
വിദ്യാർഥികളുടെ കമ്മിറ്റി രൂപീകരിച്ച് ഈ കമ്മിറ്റിയാണ് സാധാരണ നിലയിൽ മെസിനു മേൽനോട്ടം വഹിക്കുന്നത്. രണ്ടു തവണ ജനറൽ ബോഡി വിളിച്ചു കമ്മിറ്റി രൂപീകരണത്തിനു ശ്രമിച്ചെങ്കിലും അധികൃതർ കമ്മിറ്റി മാറ്റി വച്ചു. ആദ്യ മീറ്റിങ്ങിൽ പാനലുണ്ടാക്കി തിരഞ്ഞെടുപ്പു നടത്തിയപ്പോൾ ഒരു പാനൽ 75% വോട്ടു പിടിച്ചതോടെ വൈസ് ചാൻസലർ (വിസി) തിരഞ്ഞെടുപ്പു തന്നെ റദ്ദാക്കി. വീണ്ടും തിരഞ്ഞെടുപ്പിലേക്കു നീങ്ങിയെങ്കിലും കമ്മിറ്റി രൂപീകരിക്കാൻ അധികൃതർ സമ്മതിച്ചില്ല. ഇതോടെയാണു വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പഠിപ്പു മുടക്കിയാണ് വിദ്യാർഥികളുടെ പ്രതിഷേധ പ്രകടനം.
ഹോസ്റ്റൽ വിദ്യാർഥികളിൽനിന്ന് ഒരു മാസം 2500 രൂപയോളം മെസ് ഫീസായി യൂണിവേഴ്സിറ്റി പിരിക്കുന്നുണ്ടെന്നു വിദ്യാർഥികൾ പറയുന്നു. കോവിഡ് സമയത്തു നിർത്തി വച്ച മെസ് സംവിധാനം പിന്നീടു പുനരാരംഭിക്കാതെ യൂണിവേഴ്സിറ്റി അധികൃതർ നീട്ടിവയ്ക്കുകയായിരുന്നു. എസ്എഫ്ഐ വിദ്യാർഥികൾക്ക് മെസ് കമ്മിറ്റിയിൽ ഭൂരിപക്ഷം ലഭിക്കാത്തതാണു കമ്മിറ്റി രൂപീകരിക്കാൻ വൈസ് ചാൻസലർ സമ്മതിക്കാത്തതിനു കാരണമെന്നു വിദ്യാർഥികൾ പറയുന്നു. ഇവിടെ എസ്എഫ്ഐ വിരുദ്ധരായി പ്രവർത്തിക്കുന്ന സംഘടനയ്ക്കാണ് മുൻതൂക്കം എന്നതും വിസിയുടെ അതൃപ്തിക്കു കാരണമാണെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു. മെസ് വിഷയത്തിൽ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണു വിദ്യാർഥികൾ. കഴിഞ്ഞ ദിവസങ്ങളിലും രാത്രികളിൽ കിടക്ക പുറത്തിട്ടും മറ്റും വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.
English Summary: Students Protest at CUSAT Administrative Office for Mess Food