ADVERTISEMENT

ന്യൂഡൽഹി ∙ 295 വാഗണുകളുള്ള ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടി ‘സൂപ്പർ വാസുകി’യുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് ഓഗസ്റ്റ് 15ന് ട്രെയിനിന്റെ കന്നിയോട്ടം നടത്തിയത്.

ഛത്തീസ്ഗഡിലെ കോർബയിൽ നിന്ന് നാഗ്പുരിലെ രാജ്നന്ദ്ഗാവോയിലേക്കായിരുന്നു ആദ്യ ഓട്ടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട ട്രെയിൻ 267 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം 11.20 മണിക്കൂർ എടുത്തു. കോത്താരി റോഡ് സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുന്നതിന്റെ വിഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവച്ചു.

അഞ്ച് ഗുഡ്സ് ട്രെയിനുകൾ ഒരു യൂണിറ്റായി സംയോജിപ്പിച്ചാണ് സൂപ്പര്‍ വാസുകി നിർമിച്ചിരിക്കുന്നത്. 3.5 കിലോമീറ്റർ നീളമുള്ള ട്രെയിനിന് ആറ് എൻജിനുണ്ട്. 27,000 ടൺ വരെ ഭാരം വഹിക്കാനാകും. ട്രെയിൻ ഒരു സ്റ്റേഷൻ കടക്കാൻ ഏകദേശം നാലു മിനിറ്റ് സമയമെടുക്കും. 3,000 മെഗാവാട്ട് ശേഷിയുള്ള പവർ പ്ലാന്റിന് ഒരു ദിവസം ആവശ്യമുള്ള കൽക്കരി ഒറ്റത്തവണത്തെ യാത്രയിൽ സൂപ്പർ വാസുകിക്ക് എത്തിക്കാനാകും. നിലവിൽ ഇന്ത്യയിലെ ഒരു ചരക്കുതീവണ്ടിക്ക് പരമാവധി 9,000 ടൺ കൽക്കരിയാണ് എത്തിക്കാനാകുന്നത്. ഇതിന്റെ മൂന്നിരട്ടി സൂപ്പർ വാസുകി എത്തിക്കും.

ഈ വർഷമാദ്യം കൽക്കരി ക്ഷാമം രാജ്യത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. പവർ സ്റ്റേഷനുകളിൽ കൽക്കരി പോലുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമമുണ്ടാകാതിരിക്കാൻ സൂപ്പർ വാസുകി സഹായിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.

English Summary: Super Vasuki: India`s longest 3.5 km train with 6 Locos and 295 wagons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com