ADVERTISEMENT

പാലക്കാട് ∙ ആറു മാസത്തിലധികമായി വിലക്കുറവുള്ള വിദേശമദ്യത്തിന് ബവ്കേ‍ാ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളിൽ ക്ഷാമം രൂക്ഷമായിരിക്കേ ബീയർ കുറയ്ക്കാനും മുന്തിയ ഇനം മദ്യം പരമാവധി എത്തിക്കാനും നിർദേശം. ഒ‍ാണം സീസണിൽ പരമാവധി വരുമാനം ഉണ്ടാക്കാനും മദ്യക്ഷാമമെന്ന പ്രചാരണം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത ഉദ്യേ‍ാഗസ്ഥരുടെ വാക്കാലുള്ള ഈ നിർദേശമെങ്കിലും ഇതേ‍ാടെ മെ‍ാത്തം ഉപഭേ‍ാക്താക്കളിൽ ബ്രാണ്ടി ഉൾപ്പെടെ ഉപയേ‍ാഗിക്കുന്ന 63% പേർക്കാവശ്യമായ മദ്യത്തിനുള്ള ക്ഷാമം ഇനിയും രൂക്ഷമാകാനാണ് സാധ്യത.

സമാന്തര വിപണിപേ‍ാലെ വളർന്ന വ്യാജ വിദേശമദ്യ ലേ‍ാബികൾക്ക് ഈ നടപടി കൂടുതൽ അവസരമെ‍ാരുക്കിയേക്കുമെന്ന ആശങ്ക ഇപ്പോൾതന്നെ എക്സൈസിനും ഇന്റലിജൻസിനുമുണ്ട്. അതിനാൽ ഒ‍ാണക്കാലത്ത് ഇത്തവണ അതീവജാഗ്രത വേണ്ടിവരുമെന്നും അവർ കണക്കുകൂട്ടുന്നു. പലയിടങ്ങളിൽ വ്യാജ വിദേശമദ്യങ്ങൾ പിടികൂടുന്നത് ഇതിന്റെ വ്യക്തമായ സൂചനയായിട്ടാണ് അവർ എടുക്കുന്നത്.

കേ‍ാവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ സാധാരണ മദ്യം പേ‍ാലും വാങ്ങാൻ ഉപഭേ‍ാക്താക്കളിൽ വലിയെ‍ാരു വിഭാഗം വിഷമിക്കുന്ന സാഹചര്യത്തിൽ ‘ചീപ്പ് ഐറ്റം’ ലഭിക്കാതെ വരുന്നത് വലിയെ‍ാരു വിഭാഗത്തെ വ്യാജനിലേയ്ക്ക് തള്ളിവിട്ടേക്കും. ഡൽഹി, മുംബൈ, ഗേ‍ാവ എന്നിവിടങ്ങളിൽ നിന്നും വ്യാജവിദേശികൾ വലിയതേ‍ാതിൽ എത്തുന്നതായി വിവരമുണ്ട്. കുടാതെയാണു സ്പിരിറ്റ് ഉപയേ‍ാഗിച്ചു സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടക്കുന്ന വിദേശമദ്യനിർമാണം.

∙ ക്യൂനിന്ന് മടുക്കുമ്പേ‍ാൾ‌ സാധനമില്ല

കേ‍ാവിഡ് കാലയളവിൽ വ്യാജ വിദേശമദ്യ നിർമാണവും വിൽപനയും മെ‍ാത്തം മദ്യവിപണിയുടെ 20 ശതമാനത്തിൽ അധികമായെന്നു എക്സൈസ്, പെ‍ാലീസ് ഇന്റലിജൻസ് റിപ്പേ‍ാർട്ടുണ്ടായിരുന്നു. നിയന്ത്രണങ്ങൾ മാറി വിപണി സജീവമായപ്പേ‍ാഴും അതിനു കുറവുണ്ടായിട്ടില്ല. സ്പിരിറ്റിന്റെ ലഭ്യതക്കുറവാണ് സാധാരണക്കാർ വാങ്ങുന്ന വിദേശി നിർമിക്കുന്നതിൽ വന്ന കുറവിനു കാരണമായി ബന്ധപ്പെട്ട കമ്പനികൾ പറയുന്നതെങ്കിലും യഥാർഥ കാരണം അതല്ലെന്നാണ് പ്രചാരണം. വിലകൂടിയ സ്പിരിറ്റുപയേ‍ാഗിച്ചു ബവ്കേ‍ായുടെ വിലയിൽ മദ്യം നിർമിച്ചു നൽകാൻ കഴിയില്ലെന്നാണ് സ്വകാര്യ ബ്രൂവറികളുടെ നിലപാട്. പുതിയ നീക്കമനുസരിച്ച് അടുത്ത ദിവസങ്ങളിൽ വിലകൂടിയ മദ്യത്തിന്റെ സ്റ്റേ‍ാക്ക് വലിയതേ‍ാതിൽ ഔട്ട്‌ലെറ്റുകളിലെത്തും.

മാക്ഡവൽ, ഹണീബി, റേ‍ായൽ ആംസ് തുടങ്ങിയ ഇനങ്ങളാണ് ഇടത്തരം ആളുകൾ കൂടുതൽ വാങ്ങുന്നത്. വിലക്കുറവുള്ള മദ്യത്തിൽ ഇപ്പേ‍ാൾ ആവശ്യത്തിന് ലഭിക്കുന്നത് ജവാൻ മാത്രമാണ്. അതിനു താഴെയുള്ളവ പേരിനു മാത്രമേ എത്തുന്നൂള്ളൂ. ജവാൻ ഒരു ലീറ്റർ ബോട്ടിൽ മാത്രമാണ് ലഭിക്കുകയെന്നതിനാൽ ബാറുകാർക്ക് അതു ചില്ലറയായി വിൽക്കുന്നതിലൂടെ കൂടുതൽ വരുമാനം ലഭിക്കും. എന്നാൽ, മറ്റുള്ളവർക്ക് അതു വാങ്ങാൻ ത്രാണിയുമില്ല. കുറഞ്ഞവിലയുള്ള മൈസ്ചേ‍ായ്സ്, മലബാർ ഹൗസ്, മൂഡ് മേക്കർ, ജമൈക്കർ ബ്രാണ്ടി എന്നിവയ്ക്ക് കടുത്ത ക്ഷാമമാണ്. ക്യൂനിന്ന് സാധനം കിട്ടാതെ വരുന്നവർ നേരെ വ്യാജനിലെത്തുന്നതാണ് സ്ഥിതി.

∙ മെ‍ാത്തം ആളുകളിൽ 63% വിലക്കുറവിൽ

എക്സൈസ് കണക്കനുസരിച്ച് വിദേശമദ്യം ഉപയേ‍ാഗിക്കുന്നവരിൽ 63% വിലക്കുറവുള്ള മദ്യമാണ് കഴിക്കുന്നത്. ബ്രാണ്ടി ഇനങ്ങൾ 32%, മറ്റുള്ളവ എല്ലാംകൂടി 5 ശതമാനമാണ് ആകെ വിൽപന. ഭൂരിഭാഗവും വാങ്ങുന്ന ഇനങ്ങൾക്ക് ക്ഷാമം നേരിടുമ്പേ‍ാഴും ബവ്കേ‍ായുടെ വരുമാനത്തിൽ ഇടിവു തട്ടാത്തതിനു കാരണം മറ്റു ഇനങ്ങളുടെ വൻ വിലവർധനയാണെന്നു കണക്കുകൾ പറയുന്നു. നാലുവർഷത്തിനിടെ മദ്യത്തിന്റെ ഉപയേ‍ാഗം ഘട്ടംഘട്ടമായി ഏതാണ്ട് 33% കുറഞ്ഞെന്നാണ് എക്സൈസ് കണക്കെങ്കിലും അതിനുള്ള കാരണത്തെക്കുറിച്ച് തർക്കം തുടരുകയാണ്.

1248-liquor-policy
പ്രതീകാത്മക ചിത്രം

ഒർജിനലിനെ വെല്ലുന്ന വ്യാജവിദേശി നിർമിച്ചു കൈമാറാൻ തെക്കൻ ജില്ലകളിൽ 10 സംഘങ്ങളുണ്ടെന്നാണ് അനൗദ്യേ‍ാഗിക വിവരം. എറണാകുളം, തൃശൂർ, പാലക്കാട് കേന്ദ്രീകരിച്ചാണ് ഇവ കൂടുതൽ. അതിർത്തികടന്ന് ആവശ്യത്തിന് സാധനം എത്തുന്നതിനാൽ വടക്കൻ ജില്ലകളിൽ ഇത്തരം സംഘങ്ങൾ കുറവാണെന്നും ഉദ്യേ‍ാഗസ്ഥർ പറയുന്നു. ആദ്യ ലേ‍ാക്ഡൗണിലേക്കാൾ രണ്ടാംതരംഗത്തിലാണ് വ്യാജ നിർമാണവും വിൽപനയും കൂടുതൽ നടന്നത്. അതു വലിയ കുറവില്ലാതെ ഇപ്പേ‍ാഴും തുടരുന്നു.

ബാറുകൾ തുടർച്ചയായി അടഞ്ഞുകിടന്നതും ബവ്കേ‍ാ ഔട്ട്‌ലെറ്റുകളിലെ നിയന്ത്രണവും വ്യാജലേ‍ാബിക്ക് സഹായമായി. ഈസമയത്ത് 15 ബാറുകളുടെ ലൈസൻസ് റദ്ദാക്കുകയും അവർക്കെതിരെ കേസെടുത്തതും വകുപ്പിൽ മുൻപുണ്ടാകാത്ത നടപടിയാണ്. വ്യാജവിദേശി പ്രശ്നത്തിൽ കഴിഞ്ഞദിവസവും ബാറുകളി‍ൽ വ്യാപക റെയ്ഡ് നടന്നു.

∙ പണം മുടക്കിയാൽ നിർമിച്ചു കൈമാറും

ബവ്‌കോ ബേ‍ാട്ടിലുകളെ വെല്ലുന്ന തിളക്കത്തേ‍ാടെ, ഡ്യൂപ്ലിക്കേറ്റ് ഹേ‍ാളേ‍ാഗ്രാം, നമ്പറും വ്യാജൻ. ഔദ്യേ‍ാഗിക മദ്യത്തിന്റെ ഹേ‍ാളേ‍ാഗ്രാമും സീലും നമ്പറും ഒത്തുനേ‍ാക്കി അതു ഏത് ഔട്ട്‌ലെറ്റിൽനിന്നു വാങ്ങിയെന്നു പറയാനാകുമെന്ന് ഉദ്യേ‍ാഗസ്ഥർ പറഞ്ഞു. എന്നാൽ വ്യാജന്റെ പരിശേ‍ാധനക്കാവശ്യമായ ഉപകരണങ്ങൾ ജില്ലാതലങ്ങളിൽ വേണ്ടത്ര ഇല്ലാത്തതു ഒരു പരിമിതിയാണ്. പിടിക്കപ്പെട്ടവയുടെ പരിശോധനാഫലം സിഡിറ്റിൽ നിന്നു ലഭിക്കണമെങ്കിൽ മാസങ്ങൾ വേണം. സ്ഥിരം മദ്യപാനികളും ഹേ‍ാളേ‍ാഗ്രാമും സീലുമില്ലെങ്കിൽ മദ്യം വാങ്ങില്ലെന്ന് രീതി മുതലെടുത്താണ് വ്യാജ ലേ‍ാബി അതു സ്വന്തമായി നിർമിച്ചുതുടങ്ങിയത്.

ബെംഗളൂരുവിൽ ഹേ‍ാളേ‍ാഗ്രം സീലുകളുടെയും വരവ്. വ്യാജവിദേശമദ്യം നിർമിച്ചു കുപ്പിയിലാക്കി എത്തിച്ചു വിതരണം ചെയ്യുന്ന രീതി ഇപ്പേ‍ാൾ അധികമില്ല. പകരം പണം മുടക്കാനും ആവശ്യമായ കെട്ടിടവും വെള്ളവും വെളിച്ചവും നൽകുകയും ചെയ്താൽ വിദേശിയുണ്ടാക്കി ഹേ‍ാളേ‍ാഗ്രാമും സീലും നമ്പറും പതിച്ചു കൈമാറുന്ന സംഘങ്ങളാണിപ്പേ‍ാൾ കൂടുതലും മറ്റു സംസ്ഥാനങ്ങളിലുളളത്. കേരളത്തിലെ ചിലയിടങ്ങളിലും ഈ ബിഒടി സംവിധാനം ചെറിയതേ‍ാതിൽ ആരംഭിച്ചതായി എക്സൈസ് ഇന്റലിജൻസിന് സൂചനകളുണ്ട്. ഇതനുസരിച്ചു പണം മുടക്കുന്നയാൾക്ക് ഏതു ബ്രാൻഡിലുള്ള മദ്യവും നിർമിച്ചു കൈമാറപ്പെടും. അതിനുവേണ്ട സ്പിരിറ്റ് സംഘംതന്നെ എത്തിക്കും. ആവശ്യമെങ്കിൽ മദ്യത്തിന്റെ വിതരണത്തിനും സഹായിക്കും.

∙ ഒരു കെയ്സ് വ്യാജന് ചെലവ് 5000 രൂപ

ഒരു ലീറ്റർ സ്പിരിറ്റുകെ‍ാണ്ട് ഏതാണ്ട് നാലു ലീറ്റർ വിദേശമദ്യം ഉണ്ടാക്കാം. അടിസ്ഥാന സംവിധാനം റെഡിയാക്കി അറിയിച്ചാൽ എതു സ്ഥലത്തും ബിഒടി സംഘമെത്തി മദ്യം നിർമിച്ചു തരും. ആലുവയിൽ മുൻപ് പിടികൂടിയ ഒരു സംഘത്തിന്റെ നേതൃത്വം എക്സൈസിൽനിന്നു പിരിച്ചുവിട്ട ഉദ്യേ‍ാഗസ്ഥനായിരുന്നു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഹണിബീ, മാക്ഡവൽസ് ബ്രാൻഡുകൾക്കാണ് കൂടുതൽ പ്രിയം.

തിരുവനന്തപുരം, ആലപ്പുഴ, കെ‍ാല്ലം മേഖലയിൽ ഒപിആറും ജവാനും മേ‍ാശമില്ലാത്ത കച്ചവടമാണ്. മദ്യവിപണിയിൽ അരലീറ്റർ കുപ്പികൾക്കാണ് കൂടുതൽ വിൽപന. തമിഴ്നാട്ടിൽ പൈൻഡും ക്വാട്ടറുമാണ് കൂടുതൽ ആളുകൾക്ക് വേണ്ടത്. ഒരു കെയ്സ്(18 കുപ്പി) വ്യാജമദ്യം നിർമിക്കാൻ ഇപ്പേ‍ാൾ 5000 രൂപയേ ചെലവുള്ളൂ. എന്നാൽ അത് 12,000ലധികം രൂപയ്ക്ക് വിൽക്കാം. അതായത് പണം മുടക്കുന്നവനു കെയ്സിൽ ശരാശരി 7000 രൂപ ലാഭം ലഭിക്കും.

കെ‍ാള്ളാവുന്ന സംവിധാനങ്ങളുണ്ടെങ്കിൽ ഒരുസമയം 150 ലീറ്റർ വിദേശമദ്യം വരെ(20 കെയ്സുകൾ )ഒരു കേന്ദ്രത്തിൽ ഉണ്ടാക്കാൻ കഴിയും. ചില്ലറ വിൽപനക്കായി എത്തുന്നവർ കുറഞ്ഞത് അഞ്ച് കെയ്സെങ്കിലും എടുക്കണമെന്നണ് ബിഒടി രീതിയിലുളള വ്യാജവിദേശിമദ്യ നിർമാണത്തിലെ വ്യവസ്ഥ. മറ്റുചരക്കുകൾക്കിടയിലാണ് ഇപ്പേ‍ാഴും ഇത്തരം വിദേശികളെത്തുന്നത്. കഴിഞ്ഞദിവസം വലിയ പാൽവാഹനത്തിൽനിന്ന് എക്സൈസ് പിടികൂടിയത് 3600 കുപ്പി റം ഇനത്തിൽപ്പെട്ട വ്യാജവിദേശമദ്യമായിരുന്നു. വ്യാജ മദ്യത്തിനെതിരെ ജില്ലാതലത്തിൽ ഇടവിട്ടു പരിശേ‍ാധനക്കാണ് എക്സൈസ് നടപടി. ഒ‍ാണം സീസൺ മുന്നിൽക്കണ്ട് പെ‍ാലീസ് സഹായത്തേ‍ാടെ അതിർത്തി സ്ക്വാഡുകളെയും നിയമിക്കും.

English Summary: Bevco Instructs to Stock Top Brand Liquor in Shops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com