ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ മൊബൈൽ ഫോണുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായ ഒരു ചാർജർ അല്ലെങ്കിൽ ചാർജിങ് പോർട്ട് മതിയെന്ന നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്ത്. സ്മാർട്ട്‌ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ബുധനാഴ്ച നടന്ന ചർച്ചയിലാണു പുതിയ തീരുമാനം. ഓരോ പുതിയ പരിഷ്കാരങ്ങൾ വരുമ്പോൾ ഉപയോഗശൂന്യമാകുന്ന ചാർജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നതു തടയാനാണു കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. 

ഇന്ത്യയിൽ ഒന്നിലധികം ചാർജറുകളുടെ ഉപയോഗം അവസാനിപ്പിക്കാനും ഇ-മാലിന്യം തടയുന്നതിനൊപ്പം ഉപഭോക്താക്കൾക്കുള്ള ഭാരം കുറയ്ക്കാനുമുള്ള സാധ്യതയും കേന്ദ്രം വിലയിരുത്തി. നിലവിൽ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ചു ചാർജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ടൈപ്പ് സി ചാർജിങ് പോർട്ടുകൾ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. പുതിയ നടപടിയിലൂടെ ഇ-മാലിന്യം തടയുക എന്ന വലിയ ലക്ഷ്യമാണു കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. 

ചാർജിങ് പോർട്ട് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാർജറുണ്ടെങ്കിൽ എല്ലാ ഡിവൈസും ചാർജ് ചെയ്യാൻ സാധിക്കും. ഇപ്പോഴത്തെ ആൻഡ്രോയ്ഡ് ഫോണുകളിലും മറ്റു ഗാഡ്ജറ്റുകളിലുമുള്ളതുപോലെ ടൈപ് സി ചാർജിങ് പോർട്ടും കണക്ടറും മതി എല്ലാ ഉപകരണത്തിനും എന്നാണ് കമ്മിഷൻ നിർദേശിക്കുന്നത്. ഇത് ഏറ്റവുമധികം സമ്മർദത്തിലാക്കുന്നത് ആപ്പിളിനെത്തന്നെയാകും. ഫോണിൽ മറ്റെല്ലാവരും ഒരേ രീതിയാണു പിന്തുടരുന്നത്. ടാബിനും സ്പീക്കറിനും ഗെയിമിങ് കൺസോളിനും ക്യാമറയ്ക്കുമൊക്കെ ടൈപ് സി നിർബന്ധമാകും. 

പുതിയ ഫോൺ വാങ്ങുമ്പോൾ പഴയ ചാർജർ തന്നെ ഉപയോഗിക്കാനാകണം. ഇക്കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ യൂണിയനും ‘ഒരു ചാര്‍ജര്‍' എന്ന ആശയം നിര്‍ദേശിച്ചിരുന്നു. ഇ-മാലിന്യം തന്നെയായിരുന്നു പ്രശ്‌നം.

English Summary: Common charger for all electronic devices in india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com