ADVERTISEMENT

അഹമ്മദാബാദ്∙ ഹിന്ദു രാഷ്ട്രമാക്കാൻ ബിജെപി ശ്രമിച്ചാൽ പാക്കിസ്ഥാന്റെ അതേ വിധിയായിരിക്കും ഇന്ത്യയ്ക്കുമെന്നു രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതാണു ഗെലോട്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തന്നതിനും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനുമാണു സന്ദർശനം.

‘‘ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകളെ ബിജെപി രാജ്യത്തുടനീളം ജയിലിലടച്ചിട്ടുണ്ട്. മതത്തിന്റെ പേരിൽ മാത്രം തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഫാഷിസ്റ്റുകളാണിവർ. ബിജെപിക്കു സ്വന്തമായി പ്രത്യയശാസ്ത്രമോ നയമോ ഭരണമാതൃകയോ ഇല്ല. രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ബിജെപി ശ്രമിച്ചാൽ പാക്കിസ്ഥാന്റെ അതേ ഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരും.’’– ഗെലോട്ട് പറഞ്ഞു.

മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ഏറ്റവും എളുപ്പമുള്ളത്. അഡോൾഫ് ഹിറ്റ്‌ലർ പോലും അതിൽ ഏർപ്പെട്ടു. ‘ഗുജറാത്ത് മോഡലിന്റെ’ പേരിൽ ബിജെപി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗെലോട്ട് ആരോപിച്ചു.

‘‘2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുന്നതിനു വളരെ അടുത്തായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, പ്രധാനമന്ത്രി മോദി പ്രചാരണത്തിൽ ഒരു ബോളിവുഡ് നടനെപ്പോലെ ‌പെരുമാറി, നമ്മൾ തോറ്റു. സഹതാപം നേടുന്നതിനായി, പ്രചാരണ വേളയിൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന വളച്ചൊടിക്കുകയും അയ്യർ തന്നെ ‘താഴ്ന്ന വ്യക്തി’ എന്നു വിളിച്ചെന്ന് മോദി പറയുകയും ചെയ്തു’’ – അദ്ദേഹം വ്യക്തമാക്കി.

2017ലെ തിരഞ്ഞെടുപ്പിൽ 182 അംഗ നിയമസഭയിലെ 99 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് 77 സീറ്റുകളിലാണ് വിജയിച്ചത്.

English Summary: India will meet same fate as Pakistan if BJP tries to turn country into 'Hindu Rashtra': Gehlot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com