രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തി; നിയമനം മരവിപ്പിച്ചതിനെതിരെ പ്രിയയുടെ കുറിപ്പ്

Mail This Article
കണ്ണൂര്‍∙ സര്‍വകലാശാലയിലെ നിയമനം മരവിപ്പിച്ചതിനെതിരെ പ്രിയ വര്‍ഗീസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലെ നടപ്പായത്. ഇതാണ് കെ.കെ. രാഗേഷിന്റെ ഭാര്യയെന്ന നിലയില്‍ ലഭിച്ച സവിശേഷ പരിഗണന. തന്റെ അധ്യാപനപരിചയ കാലാവധി യുജിസി നിബന്ധനകള്‍ക്കു വിധേയമാണ്. ഇതു മറച്ചുവച്ചാണ് ആരോപണവും പരാതിയും വന്നതെന്നും പ്രിയ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘‘സജീവ സേവനത്തിൽ ഇരുന്നുകൊണ്ട് ലീവ് ഒന്നും എടുക്കാതെ നടത്തുന്ന പിഎച്ച്ഡി ഗവേഷണം എഫ്ഡിപി മാത്രമാണ്. റെഗുലേഷനിൽ തുടർന്ന് പരാമർശിക്കുന്ന ഒരു സമയം, സ്ഥാപനത്തിലെ 20% അധ്യാപക ജീവനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്ഡിപി തന്നെ. ഈ കാര്യങ്ങൾ ഭാഷാ പരിജ്ഞാനമുള്ള ആർക്കും വായിച്ചാൽ മനസ്സിലാവുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിനു വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ.കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ സർവകലാശാലയിൽനിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോൾ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു.’– പ്രിയ വർഗീസ് കുറിച്ചു.
English Summary: Priya Varghese on Kannur University appointment controversy