ADVERTISEMENT

കൊച്ചി ∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് പരാതി വ്യാജമെന്നു പൊലീസ് റിപ്പോർട്ട്. വ്യാജ പരാതിയ നൽകിയ പരാതിക്കാരിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 182, 211  വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ശുപാർശ. ആലുവ മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നൽകിയ ഇൻസ്പെക്ടർ കെ.ജി. കൃഷ്ണൻ പോറ്റി റഫർ ചാർജ് നൽകിയിരിക്കുന്നത്. അന്വേഷണത്തിൽ പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനാൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാണു പൊലീസ് ആവശ്യം.

കേസ് രജിസ്റ്റർ െചയ്ത ശേഷം പരാതിക്കാരി പൊലീസിൽ ഹാജരാകുകയോ നോട്ടീസ് കൈപ്പറ്റുകയോ ചെയ്തിട്ടില്ല. ഇവർക്കു നോട്ടീസ് നൽകുന്നതിനായി വിലാസത്തിൽ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവർ ജോലി ചെയ്യുന്ന സ്ഥലവും കണ്ടെത്തിയിട്ടില്ല. ഇവർ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നേരത്തെ പൊലീസ് കോടതി മുമ്പാകെ പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

2010ൽ ബാലചന്ദ്രകുമാർ ജോലി നൽകാമെന്നു പ്രലോഭിപ്പിച്ചു കൊച്ചിയിലെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും വിഡിയോ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് യുവതി പൊലീസിൽ നൽകിയിരിക്കുന്ന പരാതി. കഴിഞ്ഞ ഫെബ്രുവരി 5നാണ് കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ഇവരുടെ മൊഴികളിൽ വിവിധ വൈരുധ്യങ്ങൾ കണ്ടിരുന്നു. ലൈംഗികമായി ഉപദ്രവിച്ചു എന്നു പറയുന്ന വീടിനെക്കുറിച്ചും മറ്റും നൽകിയിരിക്കുന്ന മൊഴികളിലും വൈരുധ്യമുണ്ടെന്നു മാത്രമല്ല, പരാതിക്കു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു.

പരാതി നല്‍കിയതില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനും പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നടൻ ദിലീപിന്റെ മുൻ മാനേജർക്കും ചില ഓൺലൈൻ മീഡിയ പ്രവർത്തകർക്കുമെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേസമയം, നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു.

English Summary: Rape complaint against Balachandra Kumar is fake, says Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com