ADVERTISEMENT

കോഴിക്കോട്∙ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള യുവാവ് കോഴിക്കോട് പിടിയിൽ. കോടികൾ വിലമതിക്കുന്ന ലഹരിമരുന്നും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ദിവസവും ശരാശരി ഒന്നരലക്ഷം രൂപയുടെ ലഹരിക്കച്ചവടം ഈ സംഘം നടത്തിയിരുന്നെന്നാണ് വിവരം. സ്കൂൾ, കോളജ് വിദ്യാർഥികളാണ് സ്ഥിരം ഇടപാടുകാരെന്നാണു സൂചന. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നുവേട്ടയാണ് വ്യാഴാഴ്ച അതിരാവിലെ നടന്നതെന്ന് ജില്ലാ പൊലീസ് മേധാവി എ.അക്ബർ പറഞ്ഞു.

മുതലക്കുളത്ത് ബുധനാഴ്ച രാത്രി നടന്ന വാഹനപരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് (34) പൊലീസിന്റെ പിടിയിലായത്. ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്സ് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡൻസാഫ്), സിറ്റി ക്രൈംസ്ക്വാഡ്, കസബ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിമരുന്നു പിടികൂടിയത്. രാത്രി നടത്തിയ വാഹനപരിശോധനയിലും തുടർന്ന് ഇയാളുടെ രഹസ്യതാവളത്തിൽ നടത്തിയ റെയ്ഡിലുമായി 212 ഗ്രാം എംഡിഎംഎയും എൽഎസ്ഡി സ്റ്റാംപുമടക്കം കോടികൾ വിലയുള്ള വിവിധതരം ലഹരിമരുന്നുകളാണ് പിടികൂടിയത്. രാജ്യാന്തര ഫോൺകോൾ വഴി നിയന്ത്രിക്കപ്പെടുന്ന ശൃംഖലയാണ് ലഹരിമരുന്നിന്റെ വിതരണത്തിന് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.

രാത്രി പരിശോധനയ്ക്കിടെ ഹർഷാദിന്റെ വാഹനത്തിൽനിന്ന് 112 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് സബ് ഇൻസ്പെക്ടർ കെ.അഭിഷേകിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക ലഹരിമരുന്നുകൾ വിൽപന നടത്തിവരുന്നതായി അറിഞ്ഞത്.

തുടർന്ന് പ്രതിയുടെ രഹസ്യ താവളത്തിൽ പരിശോധന നടത്തിയ പൊലീസ് ലഹരിമരുന്നിന്റെ ‘സൂപ്പർമാർക്കറ്റ്’ ആണ് കണ്ടെത്തിയത്. 100 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹഷീഷ് ഓയിലും, 170 എക്സ്റ്റസി ടാബ്‌ലറ്റുകളും 345 എൽഎസ്ഡി സ്റ്റാമ്പുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബുകളും കണ്ടെടുത്തു. വിൽപന നടത്തിക്കിട്ടിയ 33,000 രൂപയും പിടികൂടി. പിടികൂടിയ 212 ഗ്രാം എംഡിഎംഎയ്ക്ക് മാത്രം 7,42,000 രൂപ വിലയുണ്ട്. എൽഎസ്ഡി സ്റ്റാംപുകളുടെ മൂല്യം കണക്കാക്കി വരികയാണ്.

ഡപ്യൂട്ടി കമ്മിഷണർ എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ എൻ.പ്രജീഷാണ് കേസന്വേഷിക്കുന്നത്. ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഓ കെ.അഖിലേഷ്, സിപിഓ മാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, കാരയിൽ സുനോജ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, കസബ സബ് ഇൻസ്പെക്ടർ കെ. രാജീവ്, സീനിയർ സിപിഒമാരായ പി.എം.രതീഷ്, വി.കെ.ഷറീനാബി, സിപിഒമാരായ കെ.ബിനീഷ്, മുഹമ്മദ് സക്കറിയ, ദീപ, സുശീല എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

∙ സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരി വിൽപന

ലഹരിമരുന്ന് വിൽപനയുടെ പുതിയ രീതിയാണ് പൊലീസ് വെളിച്ചത്തുകൊണ്ടുവന്നത്. കരിപ്പൂർ മുതൽ കൊയിലാണ്ടിവരെയുള്ള മേഖലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരി വിൽപന നടത്തുകയാണ് ഹർഷാദിന്റെ ചുമതല. ഈ പ്രദേശത്തിനിടയ്ക്ക് ദിവസവും ഒന്നരലക്ഷം രൂപയുടെ ലഹരിമരുന്ന് കച്ചവടം നടത്തിയതായാണ് പൊലീസ് കണ്ടെത്തിയത്.

ഗൾഫിലെ സംഘത്തലവന്റെ നേതൃത്വത്തിലാണ് ലഹരിമരുന്ന് വിതരണം നിയന്ത്രിക്കുന്നത്. കോഴിക്കോട് മേഖലയിൽ ഒരാൾക്ക് ലഹരിമരുന്ന് എത്തിക്കാൻ പരസ്പരം തിരിച്ചറിയാത്ത മൂന്നുപേരെയാണ് ഉപയോഗിച്ചിരുന്നത്.

ലഹരിമരുന്ന് ആവശ്യമുള്ളയാൾ നാട്ടിലെ ഏജന്റിനെയാണ് ബന്ധപ്പെടുക. ഇയാൾ ആവശ്യക്കാരന് ഗൾഫിലുള്ള ‘ബോസി’ന്റെ നമ്പർ കൈമാറും. ഈ നമ്പറിലേക്ക് വിളിച്ചശേഷം താൻ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ, സഞ്ചരിക്കുന്ന വാഹനത്തിനൊപ്പമുള്ള സെൽഫി, കൈമാറാനുള്ള പണം എന്നിവ വാട്സാപ് വഴി അയച്ചുകൊടുക്കണം. ഏതാനും സമയത്തിനകം ലഹരിമരുന്ന് ശൃംഖലയിലെ രണ്ടാമത്തെയാൾ ഇതുവഴിയെത്തി വാട്സാപ്പിലയച്ച വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കും. ഇയാൾ തിരിച്ചുചെന്ന് ഗൾ‍ഫിലെ ‘ബോസി’നെ സ്ഥിരീകരണം അറിയിക്കും. തുടർന്ന് ഗൾഫിൽനിന്നു ‘ബോസ്’ വിതരണക്കാരനെ വിളിച്ച് സാധനമെത്തിച്ചുകൊടുക്കാൻ നിർദേശം നൽകും.‍

ഇയാൾ തന്റെ സ്കൂട്ടറിലെത്തി ലഹരിമരുന്ന് നൽകുകയും പണം വാങ്ങുകയുമാണ് ചെയ്തിരുന്നത്. ശൃംഖലയിൽപ്പെട്ട മൂന്നുപേർ ഒരേ ജോലിയാണ് ചെയ്യുന്നതെന്ന് പരസ്പരം അറിയുകയുമില്ല. പൊലീസിനു വിവരങ്ങൾ ചോർത്തിക്കിട്ടാതിരിക്കാൻ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇവർ ലഹരിമരുന്ന് വിൽപന നടത്തിയിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഡൻസാഫിന്റെ നേതൃത്വത്തിൽ 47 കിലോഗ്രാം കഞ്ചാവ്, അരക്കിലോ എംഡിഎംഎ, 50 ഗ്രാം ബ്രൗൺഷുഗർ എന്നിവയാണ് പിടിച്ചെടുത്തത്.

English Summary: Youth held with drugs in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com