ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി നിയമനങ്ങളിൽ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. ഗവർണറുടെ സമീപനത്തോട് കേരള സമൂഹത്തിനു പൊരുത്തപ്പെടാൻ കഴിയില്ല. യൂണിവേഴ്സിറ്റികളിലെ നിയമനങ്ങൾ സ്വജനപക്ഷപാതമാണ്, രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഗവർണർ പറയുന്നത്. രാഷ്ട്രീയ പ്രേരിതമായതിന്റെ ഭാഗമായാണ് ഗവർണർ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് എന്ന യാഥാർഥ്യത്തോട് അദ്ദേഹം പൊരുത്തപ്പെടണം. കണ്ണൂർ യൂണിവേഴ്സിറ്റി നിയമനങ്ങളിൽ നിയമ വിരുദ്ധമായ ഒന്നും സംഭവിച്ചിട്ടില്ല. ഗവർണറുടെ നടപടി യൂണിവേഴ്സിറ്റി ആക്ടിനു വിരുദ്ധമാണ്. സ്വാഭാവിക നീതിക്കു നിരക്കാത്തതാണെന്ന് എ.കെ ബാലൻ പറഞ്ഞു.

ഗവർണറെ സഹായിക്കാനാണ് മന്ത്രിസഭ. ആ ബാധ്യത സർക്കാർ നിർവഹിക്കുമ്പോൾ സഹായം സ്വീകരിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. സർവകലാശാലകളിൽ ക്രമവിരുദ്ധമായ നടപടിയുണ്ടായാൽ ഗവർണർക്കു റദ്ദു ചെയ്യാം. ആരോപണ വിധേയർക്കു കാരണം കാണിക്കൽ നോട്ടിസ് അയച്ചശേഷം അവരുടെ മറുപടി ലഭിക്കുമ്പോഴാണു തുടർനടപടികൾ സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനു കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയ നടപടികൾ സ്റ്റേ ചെയ്തതിനുശേഷമാണു കാരണം കാണിക്കൽ നോട്ടിസ് അയച്ചതെന്നും ഇതു സ്വാഭാവിക നീതിക്കു നിരക്കാത്തതാണെന്നും എ.കെ.ബാലൻ പറഞ്ഞു. പ്രിയ വർഗീസിന്റെ അഭിമുഖ പാനലിൽ ഗവർണറുടെ പ്രതിനിധിയുമുണ്ടായിരുന്നു. അദ്ദേഹം ഇതുവരെ അഭിപ്രായ വ്യത്യാസം പറഞ്ഞിട്ടില്ല. മൂന്ന് വിഷയവിദഗ്ധരും ഡീനും ചേർന്ന പാനൽ അഭിമുഖം നടത്തി റാങ്കിട്ടാൽ ആർക്കും അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല. കൂടുതൽ സ്കോർ ഉള്ള ആളുകൾക്ക് സർവകലാശാല നിയമപ്രകാരം പ്രത്യേക വെയിറ്റേജ്  ഇല്ല. മിനിമം സ്കോർ 75 ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ ഓൺലൈനായി നടന്ന അഭിമുഖത്തിന്റെ രേഖകളുണ്ട്. അതു പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. 

നേതാക്കളുടെ ബന്ധുക്കളായതുകൊണ്ട് അർഹതപ്പെട്ട ആർക്കും ജോലി നൽകാതിരിക്കാൻ കഴിയില്ലെന്നു എ.കെ. ബാലൻ പറഞ്ഞു. മെറിറ്റ് ഉള്ളവരെ ഒഴിവാക്കുന്നത് നീതി നിഷേധമാണ്. കണ്ണൂർ വിസിയുടെ പുനർ നിയമമായി ബന്ധപ്പെട്ടും ഗവർണർ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഹൈക്കോടതി വിധി വിസിക്ക് അനുകൂലമായിരുന്നു. എന്നിട്ടും അതിനെ രാഷ്ട്രീയ നിയമനമെന്നു പറയുകയാണ്. വിസിയുടെ പുനർനിയമനത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചതായി ഹൈക്കോടതി പറഞ്ഞിട്ടും ആരോപണം ഉയർത്തുന്നത് നിർഭാഗ്യകരമാണ്. ഗവർണർ ആധികാരികമായി ഭരണഘടനാ സ്ഥാപനത്തിൽനിന്ന് നിയമോപദേശം തേടണമെന്നും എ.കെ.ബാലൻ പറഞ്ഞു.

English Summary: AK Balan against Kerala Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com