ഗാന്ധിചിത്രം തകർത്ത സംഭവം: രാഹുലിന്റെ പിഎ അടക്കം 4 കോൺഗ്രസുകാർക്കും ജാമ്യം

Mail This Article
കൽപറ്റ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ അറസ്റ്റിലായ പഴ്സനൽ അസിസ്റ്റന്റ് (പിഎ) കെ.ആർ.രതീഷ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഓഫിസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ, കോൺഗ്രസ് പ്രവർത്തകരായ കെ.എ.മുജീബ്, വി.നൗഷാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട് 5 കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു. 3 പേരോട് ബുധനാഴ്ച ഉച്ചയ്ക്കും 2 പേരോട് വ്യാഴാഴ്ച രാവിലെയും അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകണമെന്നായിരുന്നു നോട്ടിസ്. എന്നാൽ, ആരും ഹാജരായില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

കള്ളക്കേസാണെന്നും ആടിനെ പട്ടിയാക്കുന്നുവെന്നും രതീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു. ഗാന്ധിചിത്രം തകർക്കാൻ പ്രേരിപ്പിച്ചവർ ആരെന്ന് അന്വേഷിക്കണമെന്നും സിദ്ദീഖ് അടക്കമുള്ള നേതാക്കൾക്കു പ്രതികളെ രക്ഷിക്കാൻ വ്യഗ്രതയെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 24ന് എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമാകുകയും രാഹുലിന്റെ ഓഫിസ് എസ്എഫ്ഐക്കാർ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഓഫിസിലെ ഗാന്ധി ചിത്രം തകർന്ന നിലയിൽ കണ്ടെത്തിയത്.
English Summary: 4 Congress workers arrested for vandalising Mahatma Gandhi's picture in Rahul Gandhi's Wayanad office