ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാല വൈസ് ചാൻസലർ ശനിയാഴ്ച വിളിച്ചുചേർത്ത പ്രത്യേക സെനറ്റ് യോഗത്തിൽ, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പുതിയ അംഗത്തെ തിരഞ്ഞെടുക്കാനുള്ള അജൻഡ ഒഴിവാക്കി. വിദ്യാർഥി സിൻഡിക്കറ്റ് അംഗ തിരഞ്ഞെടുപ്പും എയ്‌ഡഡ് കോളജിൽ സ്വാശ്രയ കോഴ്സ് അനുവദിക്കുന്നതും മാത്രമാണ് അജൻഡ.

ജൂലൈ 15ന് ചേർന്ന സെനറ്റ് യോഗം സെർച്ച്‌ കമ്മിറ്റിയിലെ അംഗമായി പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ.രാമചന്ദ്രന്റെ പേരു നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനത്തുനിന്നു സ്വയം ഒഴിവായി. സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയപരിധി കഴിഞ്ഞതുകൊണ്ട് മൂന്നംഗ കമ്മിറ്റിയിൽ ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഗവർണർ കമ്മിറ്റി രൂപീകരിച്ചു.

സർവകലാശാല സെനറ്റ് പ്രതിനിധിയുടെ പേരു ലഭ്യമാകുന്ന മുറയ്ക്ക് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്തുകൊണ്ടാണ് സെർച്ച് കമ്മിറ്റി വിജ്ഞാപനം ഗവർണറുടെ ഓഫിസ് പുറപ്പെടുവിച്ചത്. സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമായതുകൊണ്ട് കാലാവധി തീരുന്നതുവരെ സർവകലാശാല സെനറ്റിന്റെ പ്രതിനിധിയുടെ പേര് നിർദേശിക്കാതിരിക്കാനാണ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താത്തതെന്നറിയുന്നു.

സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലർ പ്രതിനിധി, യുജിസി പ്രതിനിധി, സെനറ്റ് തിരഞ്ഞെടുക്കുന്ന പ്രതിനിധി എന്നിവരാണ് അംഗങ്ങളായുള്ളത്. സെർച്ച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്താനും കമ്മിറ്റി അംഗങ്ങളുടെ എണ്ണം കൂട്ടാനുമുള്ള നിയമഭേദഗതി ബിൽ നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ വരുന്നുണ്ട്. ബിൽ പാസായതിനു ശേഷം മാത്രമേ സർവകലാശാല സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കൂ.

English Summary: Kerala University Search Committe: Senate Reperesentative Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com