ADVERTISEMENT

നിലമ്പൂർ ∙ ജീവിതത്തിൽ കുടുംബത്തോടൊപ്പം ചെലവഴിച്ചതിനേക്കാൾ കൂടുതൽ സമയം നാരായണത്ത് രാജഗോപാൽ ചെലവിട്ടത് മോർച്ചറിയിലാണ്. പൊലീസിനു വേണ്ടി 26 വർഷത്തിനിടെ 6000 ത്തിൽ അധികം മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് ഈ അറുപത്തിരണ്ടുകാരൻ ക്യാമറയിൽ പകർത്തിയത്. പിന്നീട് ജില്ലാ പൊലീസ് മേധാവിയായ യു.അബ്ദുൽ കരീം നിലമ്പൂർ എസ്ഐ ആയിരിക്കെ, 1996 ലാണ് രാജഗോപാൽ പൊലീസിനു വേണ്ടി ഫോട്ടോ എടുത്തു തുടങ്ങിയത്. പിന്നീടിങ്ങോട്ട് ഒഴിവു കിട്ടിയ ദിവസങ്ങൾ ചുരുക്കം.

മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ പോസ്റ്റ്മോർട്ടം സൗകര്യമുള്ളത് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മാത്രമാണ്. നിലമ്പൂർ, എടക്കര, വഴിക്കടവ്, പോത്തുകല്ല്, പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂർ സ്റ്റേഷനുകളുടെ പരിധിയിൽ കൊലപാതകം, അപകടമരണം എന്നിവ ഉൾപ്പെടെയുള്ള അസ്വാഭാവിക മരണങ്ങളിൽ മൃതദേഹങ്ങൾ ഭൂരിഭാഗവും പോസ്റ്റ്മോർട്ടം ചെയ്യുന്നത് ജില്ലാ ആശുപത്രിയിലാണ്. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ഇല്ലാത്ത ദിവസം ചുരുക്കമാണ്. അതിലെല്ലാം മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നത് രാജഗോപാലാണ്. ചില ദിവസങ്ങളിൽ നാലും അഞ്ചും പോസ്റ്റ്മോർട്ടം ഉണ്ടാകും. കഴിഞ്ഞ ഓഗസ്റ്റ് 15 ന് പകൽ മുഴുവൻ രാജഗോപാൽ മോർച്ചറിയിലാണ് കഴിച്ചുകൂട്ടിയത്. കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ രാവും പകലും മൃതദേഹങ്ങൾ എത്തിക്കുന്നതു കാത്ത് മോർച്ചറി പരിസരത്തു തന്നെ നിൽക്കേണ്ടിവന്നു. മരിച്ച 48 പേരുടെ മൃതദേഹങ്ങളുടെ ഫോട്ടോയും എടുത്തത് രാജഗോപാലാണ്. എല്ലാം കൈയും കാലും ഉടലിൽനിന്നു വേർപെട്ടു ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു. കൊലപാതക കേസുകളിൽ സംഭവസ്ഥലത്തെ ഫോട്ടോകൾ‌ എടുക്കാനും പോകണം.

പല സംഭവങ്ങളിലും ദൃശ്യങ്ങൾ ഭീകരമാണെന്ന് രാജഗോപാൽ ഓർക്കുന്നു. ചില മൃതദേഹങ്ങൾ‌ പുഴുക്കൾ അരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ആസിഡ് കുടിച്ചും ഞരമ്പ് മുറിച്ചും തീകൊളുത്തിയും ട്രെയിനിനു തലവച്ചും പുഴയിൽ മുങ്ങിയും മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ രാജഗോപാലിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മുൻപ് പ്രതികളുടെ ഫോട്ടോ എടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. മൊബൈൽ ഫോണിന്റെ വരവോടെ അതു നിർത്തി.

 നാരായണത്ത് രാജഗോപാൽ
നാരായണത്ത് രാജഗോപാൽ

കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ച് ഫോട്ടോകൾ എടുത്തത് മറ്റൊരു അവിസ്മരണീയ അനുഭവമാണ്. കൊലപാതക കേസുകളിൽ സാക്ഷിയായി കോടതിയിൽ പോകേണ്ടി വരുന്നത് ബുദ്ധിമുട്ടാകാറുണ്ടെന്നു രാജഗോപാൽ പറയുന്നു. കോടതി വരാന്തയിൽ ഏറെ നേരം കാത്തിരിക്കണം. സാക്ഷിപ്പടി ഉണ്ടെങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ കിട്ടാറില്ല. യാത്രക്കൂലിക്ക് ഉൾപ്പെടെ കൈയിൽനിന്ന് കാശ് മുടക്കണം.

നിലമ്പൂരിലെ അരുൺ സ്റ്റുഡിയോ ഉടമയാണ് രാജഗോപാൽ. ഭാര്യ ജയശ്രീ ആർഡി ഏജന്റാണ്. മക്കൾ അരുൺ രാജ് റവന്യു വകുപ്പിലും അശ്വതി രാജ് വിദേശത്തും ജോലി ചെയ്യുന്നു.

ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായ ഈ 62 കാരൻ മിക്ക പ്രഭാതങ്ങളിലും ഉണരുന്നത് പൊലീസിന്‍റെ ഫോൺ വിളി കേട്ടാണ്. പരിചയസമ്പത്തുള്ള രാജഗോപാലിനെ അല്ലാതെ മറ്റൊരു ഫൊട്ടോഗ്രഫറെപ്പറ്റി പൊലീസിന് ചിന്തിക്കാനില്ല. ആരോഗ്യം അനുവദിക്കുവോളം സേവനം തുടരുമെന്ന് രാജഗോപാൽ പറയുന്നു.

English Summary: Life story of Photographer Narayanath Rajagopal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com