ADVERTISEMENT

അമ്പലപ്പുഴ∙ അടിപിടിക്കു പിന്നാലെ ആലപ്പുഴ പുന്നപ്രയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു – 20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കൽ കോളജിനു സമീപം ട്രെയിൻ തട്ടി മരിച്ചത്. നന്ദുവിനെ മർദിക്കുകയും മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ചെയ്‌ത കുറ്റത്തിനാണ് പുന്നപ്ര പൊലീസ് യുവാക്കൾക്കെതിരെ കേസെടുത്തത്.

നിധിൻ, സുമേഷ്, വിഷ്‌ണുപ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയാണ് കേസ്. നന്ദുവിനെ യുവാക്കൾ ക്രൂരമായി മർദിച്ചതായി പൊലീസ് അറിയിച്ചു. ‌അതേസമയം, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മരണം വിവാദമായ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

നന്ദുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീൻപൊഴിക്കു സമീപം മദ്യലഹരിയിൽ ഇരുകൂട്ടർ തമ്മിൽ അടിപി‌ടി നടന്നിരുന്നു. ഇവരെ പിടിച്ചുമാറ്റാൻ ശ്രീരാജ് പോയിരുന്നു. ഇതിനു ശേഷം ശ്രീരാജിനെ കാണാതായി. പൊലീസും നാട്ടുകാരും തിരയുന്നതിനിടെയാണ് റെയിൽവേ ട്രാക്കിനരികിൽ മൃതദേഹം കണ്ടത്. പിതാവ് ബൈജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അടിപിടിയുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നതു തുടരുന്നു. 

ശ്രീരാജിനെ കാണാതാകുന്നതിനു മുൻപ് ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കയച്ച ശബ്ദസന്ദേശത്തിൽ, ചിലർ ചേർന്നു മർദിച്ചതായി പറയുന്നുണ്ട്. ഇനി വീട്ടിൽ കയറാൻ അവർ അനുവദിക്കില്ലെന്നും ബന്ധുവിനോടു ശ്രീരാജ് പറയുന്നുണ്ട്. മൊബൈൽ ഫോൺ പരിശോധനയ്ക്കു വിധേയമാക്കി. സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദ് അറിയിച്ചു.

English Summary: Suspicious death of Alappuzha Youth: police intensifies probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com