ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനു നിയമനം നൽകുന്നതു സ്റ്റേ ചെയ്ത ഗവർണറുടെ നടപടിയെ പരസ്യമായി വെല്ലുവിളിച്ച കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ. കണ്ണൂർ വിസി പ്രവർത്തിക്കുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡറിനെ പോലെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവകലാശാലകളിലെ ബന്ധു നിയമനങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. 

ഇത് നാടിനാകെ അപമാനമാണ്. അക്കാദമിക് സ്ഥാപനങ്ങളില്‍ സ്വജനപക്ഷപാതവും കുടുംബവാഴ്ചയും അനുവദിക്കാനാവില്ല. യോഗ്യതയുള്ളവരെ മറികടന്ന് അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കുന്നത് ലജ്ജാകരമാണ്. കേരളത്തിലെ സര്‍വകലാശാലകളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കി. മൂന്നു വർഷത്തെ നിയമനങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും വിസി നിയമനത്തിന് പുതിയ നിയമം കൊണ്ടു വരുന്നത് ബന്ധുനിയമനം എളുപ്പമാക്കുന്നതിനു വേണ്ടിയെന്നും ഗവർണർ പറഞ്ഞു. 

കണ്ണൂർ സർവകലാശാല തനിക്കെതിരെ കോടതിയെ സമീപിച്ചാൽ ചാൻസലറെന്ന നിലയിൽ കർശന നടപടി സ്വീകരിക്കാമെന്നു ഗവർണർക്കു നിയമോപദേശം ലഭിച്ചിരുന്നു. ‌ഡോ. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നു വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗവർണർ നിയമിച്ച വിസിമാർ അദ്ദേഹത്തിനെതിരെ പരസ്യനിലപാടു സ്വീകരിക്കുന്നത് ഗുരുതര അച്ചടക്കലംഘനമാണെന്നു നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ വിസി കുറച്ചുകാലമായി തന്നെ പരസ്യമായി വെല്ലുവിളിക്കുന്നതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. 

കേരള സര്‍വകലാശാല വിസി നിയമനത്തില്‍ ആരും ഇടപെടേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള സര്‍വകലാശാല ഇന്ന് പ്രത്യേക സെനറ്റ് യോഗം ചേരും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയമായെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യും.

English Summary: Kerala governor acts tough, slams  Kannur VC in Varsity appointment row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com