കൊല്ലം∙ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ചാരായം വാറ്റി. കൊല്ലം ചടയമംഗലം പൊലീസാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. പോരേടം സ്വദേശി നിസാമിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിസാം ഓണക്കച്ചവടത്തിന് വേണ്ടിയാണ് ചാരായം വാറ്റിയത്. സുഹൃത്ത് ചടയമംഗലം സ്വദേശി രതീഷ്കുമാറും ഒപ്പം ചേര്‍ന്നു. കഴിഞ്ഞദിവസം ചടയമംഗലം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കലയത്തെ രതീഷ്കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എട്ടു ലീറ്റര്‍ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്.
2002 ൽ നിസ്സാം പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുമ്പോള്‍ അയൽവാസിയെ കുത്തി കൊലപ്പെടുത്തിയിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലാണ് പരോളിലിറങ്ങിയത്. ഒരു ലീറ്റര്‍ വാറ്റുചാരായത്തിനു രണ്ടായിരം രൂപയാണ് പ്രതികള്‍ വിലയിട്ടിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
English Summary: Murder convict in parole arrested for brewing arrack