ADVERTISEMENT

ന്യൂ‍ഡൽഹി∙ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പാർട്ടി വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുൽ ഗാന്ധിയുടെ അപക്വതയാണ് പാർട്ടിയുടെ കൂടിയാലോചനാപരമായ പ്രവർത്തികൾ നശിപ്പിച്ചതെന്നു ഗുലാം നബി ആരോപിച്ചു. 

‘‘2013ൽ രാഹുൽ ഗാന്ധി വൈസ് പ്രസിഡന്റായി ചുമതലയേറ്റതുമുതലാണു പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നത്. ഇതോടെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പ്രവർത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാർ പാർട്ടിയെ നയിക്കാൻ തുടങ്ങി. സോണിയ ഗാന്ധിക്കു പോലും വലിയ റോളില്ലാതെയായി. 

യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഒരു ഓഡിനൻസ് മാധ്യമങ്ങളുടെ മുന്നിൽ വച്ച് രാഹുൽ ഗാന്ധി കീറിയെറിഞ്ഞു. അപക്വതയുടെ ഏറ്റവും വലിയ ഉദാഹരമായിരുന്നു അത്. പിന്നീട് ഇതേ ഓഡിനൻസ് മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിക്കുകയാണ് ചെയ്തത്. രാഹുലിന്റെ ബാലിശമായ പ്രവർത്തി പ്രധാനമന്ത്രിയെയും ഇന്ത്യൻ സർക്കാരിനെയും തകിടം മറിക്കുന്ന സ്ഥിതിയിലെത്തിച്ചു. 2014ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഈ പ്രവർത്തി വലിയ പങ്ക് വഹിച്ചു. 2019നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കനത്ത തിരിച്ചടിയാണ് നേരിടുന്നത്. റിമോർട്ട് കൺട്രോൾ ഭരണം യുപിഎ സർക്കാരിന്റെ ഐക്യം നശിപ്പിച്ചു. സമാനമായ സ്ഥിതിയാണ് ഇപ്പോൾ ഇന്ത്യൻ നാഷനൽ കോൺഗ്രസിനും സംഭവിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയെ മുൻ നിർത്തി രാഹുൽ ഗാന്ധിയും പേഴ്സനൽ അസിസ്റ്റന്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് തീരുമാനം എടുക്കുന്നത്. 

മുഖസ്തുതിക്കാരെ മാറ്റി നിർത്താനായാണ് 2020ൽ താനുൾപ്പെടെയുള്ള 22 മുതിർന്ന നേതാക്കൾ സംഘം ചേർന്നത്. എന്നാൽ ലജ്ജാകരമായ രീതിയിൽ തങ്ങളെ ആക്രമിക്കുകയാണുണ്ടായത്. ഒരു സംഘം ഗണ്ടകൾ ചേർന്ന് മുതിർന്ന നേതാവ് കപിൽ സിബലിനെ കായികമായി ആക്രമിച്ചു. ജമ്മു കശ്മീരിൽ തന്റെ ശവമഞ്ചവുമായി റാലി നടത്തി. തങ്ങൾ ചെയ്ത കുറ്റം കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയെന്നതാണ്. പാർട്ടിയുടെ ബലഹീനതകളും പരിഹാരവും ചൂണ്ടിക്കാട്ടിയാണ് കത്തെഴുതിയത്. കത്തിൽ സൂചിപ്പിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് പകരം തങ്ങളെ ആക്രമിക്കുകയാണുണ്ടായത്. വീണ്ടെടുക്കാൻ സാധിക്കാത്തവിധം പാർട്ടി സംവിധാനം തകർന്നു. ഇനി ആരെയെങ്കിലും തിരഞ്ഞെടുത്താൻ തന്നെ പാവയായിട്ടായിരിക്കും പ്രവർത്തിക്കുക’’ – കത്തിൽ പറയുന്നു. 

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ വിശദമായ കുറിപ്പിലാണ് രാഹുൽ ഗാന്ധിക്കെതിരെ അക്കമിട്ട് ഗുലാം നബി ആസാദ് കുറ്റാരോപണങ്ങൾ നടത്തിയിരിക്കുന്നത്. 

English Summary: Ghulam Nabi Azad slams Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com