ADVERTISEMENT

കണ്ണൂര്‍∙ കായികതാരമോ, കായികാധ്യാപകനോ ആയിത്തീരുമായിരുന്ന സാഹചര്യത്തില്‍നിന്നാണു സമരപോരാട്ടങ്ങളിലൂടെയും നിരന്തരമായ പഠനങ്ങളിലൂടെയും എം.വി.ഗോവിന്ദന്‍ മന്ത്രസഭയിലെത്തുന്നതും ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നതും. 

ഇടതുപക്ഷത്തിന്റെ കോട്ടയായ തളിപ്പറമ്പിൽ 2021ലെ തിരഞ്ഞെടുപ്പിൽ എം.വി.ഗോവിന്ദൻ 22,689 വോട്ടിനാണ് ജയിച്ചത്. സിപിഎമ്മിന്റെ ടേം നിബന്ധനയുടെ ഭാഗമായി സിറ്റിങ് എംഎൽഎ ജയിംസ് മാത്യു ഒഴിഞ്ഞപ്പോൾ, 1996 ലും 2001 ലും തളിപ്പറമ്പ് എംഎൽഎയും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദന് സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് തളിപ്പറമ്പ് ലഭിച്ചത്. 

മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു – എം.വി. മാധവി ദമ്പതികളുടെ മകനായ എം.വി. ഗോവിന്ദൻ 1970 ലാണു പാർട്ടി മെംബറായത്. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീടു സെക്രട്ടറിയുമായി. അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദനവും അനുഭവിച്ചു. എം.വി. രാഘവന്റെ ബദൽരേഖാ കാലത്ത്, പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. 1991 ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ – 1996 ലും 2001 ലും – തളിപ്പറമ്പിൽനിന്നു നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.

എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണു മോറാഴയില്‍ എം.വി.ഗോവിന്ദന്‍ ബാലസംഘം രൂപീകരിക്കുന്നതും പ്രസിഡന്റാകുന്നതും. അന്നു ബാലസംഘത്തിനു സംസ്ഥാനതലരൂപമില്ല. മോറാഴ സെന്‍ട്രല്‍ യുപി സ്‌കൂളിലും കല്യാശ്ശേരി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ബാലസംഘം പ്രവര്‍ത്തനത്തിലെ മികവ് കണ്ടാണു പാച്ചേനി കുഞ്ഞിരാമന്‍, ഗോവിന്ദനെ തളിപ്പറമ്പിലേക്കു കൂട്ടിയത്. ഇതിനിടെ പത്താം ക്ലാസ് കഴിഞ്ഞു കോഴിക്കോട് കായികവിദ്യാഭ്യാസം ഡിപ്ലോമയ്ക്കു ചേര്‍ന്നു.

ലോങ്ജംപിലും ഹൈജംപിലും മിടുക്കനായിരുന്നു. ഇതിനിടെ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ മൂന്നാമതെത്തി. 18 വയസ്സായപ്പോള്‍ പരിയാരം ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായികാധ്യാപകനായി. എന്നാല്‍ സംഘടനാ പ്രവര്‍ത്തനമായിരുന്നു ഗോവിന്ദനു താല്‍പര്യം. കെഎസ്‌വൈഎഫിന്റെ ജില്ലാ പ്രസിഡന്റും തുടര്‍ന്നു ഡിവൈഎഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റുമായി. രാഷ്ട്രീയമാണ് പ്രധാനമെന്നു തിരിച്ചറിഞ്ഞ് ജോലി വിട്ടു. കായികാധ്യാപകനായിരുന്നതിന്റെ ഓര്‍മയ്ക്ക് യോഗ മാത്രമാണ് ഇപ്പോള്‍ ബാക്കി. രാവിലെ ഒരു മണിക്കൂര്‍ വരെ യോഗ ചെയ്യും.

യുവസംഘടനകളിലുള്ളപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു മിക്കപ്പോഴും രാത്രിവാസം. ഇ.പി.ജയരാജനുമുണ്ടാകും ഒപ്പം. എകെജി നാട്ടിലുള്ളപ്പോള്‍ രാത്രി ഓഫിസിലുണ്ടാകും. രാവിലെ എഴുന്നേറ്റുവരുമ്പോള്‍ ഉറക്കമാണെങ്കില്‍ ശാസനയോടെ എകെജി വിളിച്ചുണര്‍ത്തും. ശാസന മാത്രമല്ല അദ്ദേഹത്തിന്റെ വാത്സല്യവും ഏറെ അനുഭവിച്ചിട്ടുണ്ട്.

1985ലായിരുന്നു പി.കെ.ശ്യാമളയുമായുള്ള വിവാഹം. ശ്യാമള അന്നു സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവം. എം.വി.രാഘവനും പി.ശശിയുമാണു വിവാഹം നടത്താന്‍ മുന്‍കയ്യെടുത്തത്. ബിഎഡ് കഴിഞ്ഞിരുന്ന ശ്യാമള മോറാഴ സ്‌കൂളില്‍ അധ്യാപികയായി.

അധ്യാപനജീവിതം നേരത്തേ നിര്‍ത്തിയെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു എം.വി.ഗോവിന്ദന് ഏറ്റവും ഇഷ്ടം. അങ്ങനെ വീടിനടുത്തെ വായനശാലയിലേക്ക് സ്ഥിരം നടന്നിരുന്ന ഗോവിന്ദന്‍ പാര്‍ട്ടി ക്ലാസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായി മാറിയ എം.വി.ഗോവിന്ദന്‍, സൈദ്ധാന്തിക പ്രശ്‌നങ്ങളില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അവസാന വാക്ക് കൂടിയാണ്. പറഞ്ഞുകൊടുക്കുന്നത് കൂടാതെ അതെല്ലാം പുസ്തകമാക്കാനും ശ്രമിച്ചു.

ഡിവൈഎഫ്‌ഐ രൂപീകരണകാലത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നാലു പതിറ്റാണ്ടുമുന്‍പെഴുതിയ പുസ്തകം 'യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തില്‍' ഇന്നും കേരളത്തില്‍ യുവജന സംഘടനകളുടെ റഫറന്‍സ് ഗ്രന്ഥമാണ്. പാര്‍ട്ടി 'സ്വത്വ' വിവാദത്തില്‍പെട്ടപ്പോഴും, പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തി 'മാവോവാദ' വിവാദത്തില്‍പെട്ടപ്പോഴും പുസ്തകങ്ങളിലൂടെ എം.വി.ഗോവിന്ദന്‍ രക്ഷയ്‌ക്കെത്തി. എഴുതാന്‍ വേണ്ടി എഴുതുന്നതോ തന്റെ ശീലമല്ലെന്നാണ്  എം.വി.ഗോവിന്ദന്‍ പറയുന്നത്. പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്നു തോന്നുമ്പോള്‍ മാത്രമാണെഴുത്തെന്നും അദ്ദേഹം പറയുന്നു.

English Summary: MV Govindan appointed as CPM state secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com