ഇൻഡോർ∙ മധ്യപ്രദേശിലെ ഇൻഡോറിൽ ട്രാൻസ്ജെൻഡറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഖജ്‌റാന സ്വദേശി നൂർ മുഹമ്മദ് ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 28 മുതൽ കാണാതായ സോയ കിന്നർ (മൊഹ്‌സിൻ) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇൻഡോറിലെ സ്കീം നമ്പർ 134 ഏരിയയിൽ ചൊവ്വാഴ്ചയാണ് മൃതദേഹത്തിന്റെ ഒരുഭാഗം കണ്ടെത്തിയത്. മറ്റൊരു ഭാഗം പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നൂർ മുഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. സോയയുമായി സമൂഹമാധ്യമത്തിലൂടെ സംസാരിച്ച നൂർ മുഹമ്മദ്, തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ലൈംഗികബന്ധം പുലര്‍ത്താനായി നൂര്‍ മുഹമ്മദ് ആവശ്യപ്പെട്ടെങ്കിലും സോയ വിസമ്മതിച്ചു.
സോയ ട്രാൻസ്ജെൻഡറാണെന്ന് നൂർ മുഹമ്മദ് അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് നൂർ മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം രണ്ട് കഷണങ്ങളാക്കി മുറിച്ച് ഒരു കഷ്ണം ചാക്കിൽ നിറച്ച് ബൈപ്പാസിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മറ്റൊരുഭാഗം വീട്ടിലെ പെട്ടിയിൽ ഒളിപ്പിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
English Summary: Mutilated Body Found In Indore, A Piece Was Found At Accused's Home: Cops