ADVERTISEMENT

ന്യൂഡൽഹി∙ അധോലോക നായകൻ ദാവൂദ് ഇബ്രാഹിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം (ഹാജി അനീസ്), അടുത്ത സഹായികളായ ജാവേദ് പട്ടേൽ (ജാവേദ് ചിക്ന), ടൈഗർ മേമൻ (ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമന്‍) എന്നിവരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ വീതവും ഛോട്ടാ ഷക്കീലിനെ (ഷക്കീൽ ഷെയ്ഖ്) കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

1993-ലെ മുംബൈ സ്‌ഫോടന പരമ്പര ഉൾപ്പെടെ, ഇന്ത്യയിലെ ഒന്നിലധികം ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ൽ യുഎൻ സുരക്ഷാ കൗൺസിൽ 25 ദശലക്ഷം ഡോളർ വിലയിട്ടിരുന്നു. ലഷ്‌കറെ തയിബ തലവൻ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യിദ് സലാഹുദ്ദീൻ, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കൊപ്പമാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്കും വിലയിട്ടത്.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ലക്ഷ്യമിട്ട് ഭീകരസംഘടനകളുടെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും സഹായത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി’ കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ ഈ വർഷം ഫെബ്രുവരിയിൽ എൻഐഎ പുതിയ കേസ് ‌റജിസ്റ്റർ ചെയ്തിരുന്നു.

എൻഐഎ കേസിന്റെ അടിസ്ഥാനത്തിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഈ വിഷയത്തിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. തുടർന്ന് ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര മുൻ ന്യൂനപക്ഷ വികസന മന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23 ന് അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീൽ, പർക്കർ, ഇക്ബാൽ മിർച്ചി എന്നിവർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവാബ് മാലിക്കിനും പങ്കുള്ളതായി കണ്ടെത്തുകയായിരുന്നു.

English Summary: NIA announces ₹25 lakh reward on Dawood Ibrahim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com