ADVERTISEMENT

ഭോപാൽ ∙ മധ്യപ്രദേശിനെ നടുക്കിയ ‘സീരിയൽ കില്ലർ’ അറസ്റ്റിൽ. സാഗർ ജില്ലയിൽ സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കേസ്‍ലി സ്വദേശി ശിവപ്രസാദ് ധ്രുവെ (19) ആണ് പിടിയിലായത്. പുലർച്ചെ മൂന്നരയോടെ പിടികൂടുന്നതിനു തൊട്ടുമുൻപും ഇയാൾ കൊലപാതകം നടത്തി.

കഴിഞ്ഞ 5 ദിവസത്തിനിടെ നാലു സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. മേയിൽ മറ്റൊരു സുരക്ഷാജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച രാത്രി ഭോപാൽ ലാൽഘാട്ടി പ്രദേശത്തു കാവൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണു ശിവപ്രസാദിനെ പിടികൂടിയത്.

സൂപ്പർഹിറ്റ് സിനിമയായ കെജിഎഫ്2ലെ റോക്കിഭായിയാണ് തന്റെ പ്രചോദനമെന്നും സമ്പത്തുണ്ടാക്കി ഗ്യാങ്‌സ്റ്ററായി പേരെടുക്കാനാണു കൊലപാതകങ്ങൾ നടപ്പാക്കിയതെന്നും പ്രതി മൊഴി നൽകി. ഭാവിയിൽ പൊലീസുകാരെ വധിക്കാനും ലക്ഷ്യമിട്ടിരുന്നു. ‘പ്രശസ്തി’ നേടുക എന്നതായിരുന്നു ലക്ഷ്യം. അതിനാലാണ് ഉറങ്ങിക്കിടക്കുന്ന കാവൽക്കാരെ തേടിപ്പിടിച്ചു കൊലപ്പെടുത്തിയത്.

എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ്, ഗോവയിലാണു ജോലി ചെയ്തിരുന്നത്. ചെറിയ തോതിൽ ഇംഗ്ലിഷ് സംസാരിക്കാനറിയാം. ഇയാളുടെ ഫോണിന്റെ നെറ്റ്‌വർക്ക് പിന്തുടർന്നായിരുന്നു അന്വേഷണമെന്നു ഡിജിപി സുധീർ സക്‌സേന പറഞ്ഞു. മൂന്ന് ദിവസത്തിനിടെ 3 സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടതോടെയാണ് സീരിയല്‍ കില്ലറാണു പിന്നിലെന്നു പൊലീസ് സംശയിച്ചത്. ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടു.

ഉത്തം രജക്, കല്യാൺ ലോധി, ശംഭുറാം ദുബെ, മംഗൾ അഹിർവാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന മംഗൾ അഹിർവാര്‍ നൽകിയ സൂചനകളാണു പ്രതിയെ പിടിക്കാൻ പൊലീസിനെ സഹായിച്ചത്. ചുറ്റികയോ കല്ലോ പോലുള്ള വസ്തുവോ ഉപയോഗിച്ച് തലയോട്ടി തകർത്താണ് ഇയാൾ ആളുകളെ കൊന്നിരുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

English Summary: KGF-inspired teen 'serial-killer' murdered four 'sleeping' guards in Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com