ADVERTISEMENT

തിരുവനന്തപുരം ∙ സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പകരക്കാരനായി രാജേഷ് എത്തുന്നത്. തലശേരി എംഎൽഎ എ.എൻ.ഷംസീർ നിയമസഭാ സ്പീക്കറാകും. മന്ത്രി എം.വി.ഗോവിന്ദൻ രാജിവച്ചു. മന്ത്രി രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.

പാലക്കാട് എംപിയായും സ്പീക്കറായും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനെ തുടർന്നാണ് എം.ബി.രാജേഷിനെ മന്ത്രിസഭയിലേക്കു പരിഗണിച്ചത്. എം.വി.ഗോവിന്ദന്‍ കൈകാര്യം ചെയ്ത തദ്ദേശം, എക്സൈസ് വകുപ്പുകളാണു രാജേഷിനു ലഭിക്കുക. ചൊവ്വാഴ്ചയാണു രാജേഷിന്റെ സത്യപ്രതിജ്ഞ. ഗോവിന്ദനു പകരമെത്തുന്നയാൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനാകണമെന്നും എം.ബി.രാജേഷിന് അതിനു കഴിയുമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. പാർലമെന്റേറിയൻ എന്ന നിലയിൽ ഡൽഹിയിൽ രാജേഷ് നടത്തിയ പ്രവർത്തനങ്ങളും സ്പീക്കറെന്ന നിലയിൽ പക്വതയാർന്ന പ്രവർത്തനം കാഴ്ചവച്ചതും ചർച്ചയായി.

മുഖ്യമന്ത്രി പിണറായി വിജയനും അനുകൂല നിലപാടെടുത്തു. എം.വി.ഗോവിന്ദൻ രാജിവയ്ക്കുന്നതോടെ കണ്ണൂരിൽനിന്ന് മുഖ്യമന്ത്രി മാത്രമാണ് മന്ത്രിസഭയിലുള്ളത്. ജില്ലയുടെ ഈ നഷ്ടം സ്പീക്കർ സ്ഥാനത്തിലൂടെ നികത്താനായി. എം.വി.ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾതന്നെ രാജേഷിനു ലഭിക്കുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. നേരത്തേ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്റെ പകരക്കാരനെക്കുറിച്ചുള്ള ചർച്ചയുണ്ടായില്ല.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമ ബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഇപ്പോൾ സിപിഎം സംസ്ഥാന സമിതിയംഗം. 2009ലും 2014ലും പാലക്കാ‌ട് എംപി. ഡിവൈഎഫ്ഐ മുഖപത്രം ‘യുവധാര’യുടെ പത്രാധിപരായിരുന്നു. ഭാര്യ: കാലിക്കറ്റ് വാഴ്സിറ്റി യൂണിയൻ മുൻ ചെയർപഴ്സൻ ഡോ. നിനിത കണിച്ചേരി (അസി. പ്രഫസർ, കാലടി സർവകലാശാല). കെഎസ്‌ടിഎ മുൻ സംസ്‌ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർഥികൾ).

തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് ഷംസീർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സംസ്ഥാന സമിതി അംഗം, കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എൽഎൽഎം ബിരുദധാരി. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ.സെറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം.സഹല. മകൻ: ഇസാൻ.

English Summary: ‌MB Rajesh New Minister, AN Shamseer Speaker 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com