ADVERTISEMENT

ഗുവാഹത്തി ∙ ബിഹാറിൽ ആർ‌ജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ച് ബിജെപിയുമൊത്തുള്ള സഖ്യ സർക്കാർ പൊളിച്ച ജെഡിയു നേതാവ് നിതീഷ് കുമാറിനോട്, മണിപ്പൂരിൽ ‘പകരം വീട്ടി’ ബിജെപി. മണിപ്പൂരിൽ നിതീഷ് കുമാറിന്റെ ജെഡിയു അംഗങ്ങളായ അഞ്ച് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നു. നിയമസഭാ സെക്രട്ടറി കെ.മേഘജിത്ത് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിൽ ജെഡിയുവിന് ആകെ ഏഴ് എംഎൽഎമാരാണുള്ളത്. അതിൽ അഞ്ച് പേരാണ് ബിജെപിയിൽ ലയിച്ചത്.

ബിഹാറിൽ ഒൻപതു വർഷത്തിനിടെ രണ്ടാം തവണയും ബിജെപിയെ പാതിവഴിയിൽ കൈവിട്ടതിനു പിന്നാലെയാണ്, നിതീഷിന്റെ പാർട്ടിക്ക് മണിപ്പൂരിൽ കനത്ത തിരിച്ചടി നേരിടുന്നത്. അഞ്ച് ജെഡിയു എംഎൽഎമാർ ബിജെപിയിൽ ചേർന്നതിന് സ്പീക്കർ അംഗീകാരം നൽകിയതായി മണിപ്പുർ നിയമസഭാ സെക്രട്ടറി കെ.മേഘജിത്ത് സിങ് അറിയിച്ചു. ജെഡിയു എംഎൽഎമാരായ ജോയ്കിഷൻ, എൻ സനാത്തെ, മുഹമ്മദ് അചാബുദ്ദീൻ, മുൻ ഡിജിപി എൽ.എം. ഖൗട്ടെ, താങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിതീഷ് കുമാറിന്റെ പാർട്ടിയിൽനിന്ന് ബിജെപി എംഎൽഎമാരെ ചാക്കിലാക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനു മുൻപ് 2020ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള ഏഴ് ജെഡിയു എംഎൽഎമാരിൽ ആറു പേർ ബിജെപിയിൽ ചേർന്നിരുന്നു. അരുണാചലിൽ ശേഷിച്ചിരുന്ന ഏക ജെഡിയു എംഎൽഎയും പിന്നീട് ബിജെപിയിൽ ചേർന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 38 സീറ്റുകളിൽ മത്സരിച്ചാണ് ജെഡിയു ആറ് സീറ്റുകളിൽ വിജയിച്ചത്.

English Summary: 5 Of 7 MLAs From Nitish Kumar's JDU In Manipur Merge With BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com