ADVERTISEMENT

വാഷിങ്‌ടൻ ∙ യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്കെതിരായ നീക്കം കടുപ്പിക്കാൻ യുഎസ്. റഷ്യൻ എണ്ണയ്ക്കു വിലപരിധി നിശ്ചയിക്കുന്നതിനാണു യുഎസിന്റെ മുഖ്യ പരിഗണനയെന്നാണു റിപ്പോർട്ട്. യുദ്ധത്തെതുടർന്ന് എണ്ണവില ഉയർന്ന പശ്ചാത്തലത്തിലാണു തീരുമാനം. ഇതുവഴി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനു പ്രതിസന്ധി സൃഷ്ടിക്കാമെന്നാണു ജോ ബൈഡൻ ഭരണകൂടം കരുതുന്നത്.

‘‘റഷ്യൻ എണ്ണയ്ക്കു വിലപരിധി നിശ്ചയിക്കുന്നതു ശക്തമായ കരുനീക്കമാണ്. ആഗോള എണ്ണവില കുറയ്ക്കുന്നതിനു തീരുമാനം സഹായകമാകും. യുഎസിലെയും ലോകത്തിലെയും എണ്ണ ഉപയോക്താക്കൾക്ക് ഇതിന്റെ ഗുണം കിട്ടും’’– വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജാൻ പിയർ മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ, ജി7 ധനമന്ത്രിമാരുടെ കൂട്ടായ്മയിലും റഷ്യൻ എണ്ണയ്ക്കു വിലപരിധി കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിരുന്നു.

വിലപരിധി നിശ്ചയിക്കുന്നതിലൂടെ റഷ്യയുടെ വരുമാനത്തിൽ ഇടിവുണ്ടാകും. എണ്ണവില ബാരലിനു 100 ഡോളർ കടന്നതോടെയാണു യുഎസ് ഉൾപ്പെടെയുള്ള ജി7 രാജ്യങ്ങൾ കടുത്ത നടപടികളിലേക്കു കടന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തോടെ ആഗോള എണ്ണശൃംഖല തകർന്നതാണു വിലക്കയറ്റത്തിനു കാരണം. ഭക്ഷ്യസാധനങ്ങൾക്കും വില കൂടി. അതേസമയം, ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്കു വിലക്കുറവിൽ എണ്ണ നൽകാനുള്ള ദീർഘകാല കരാറുകൾക്കുള്ള നീക്കങ്ങളിലാണു റഷ്യ.

റഷ്യൻ എണ്ണയുടെ ഇപ്പോഴത്തെ വലിയ ഉപയോക്താക്കളായ ഇന്ത്യയ്ക്കുമേൽ യുഎസിന്റെ സമ്മർദമുണ്ട്. ഇന്ത്യ പിൻവാങ്ങിയാൽ റഷ്യയുടെ സമ്പാദ്യം കുറയുമെന്നും ആഗോള എണ്ണവിപണിയിൽ മാറ്റമുണ്ടാകുമെന്നും യുഎസ് ചൂണ്ടിക്കാട്ടുന്നു. ജി7 പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവിലയിൽ റഷ്യ ഓഫറുകൾ പ്രഖ്യാപിച്ചെന്നാണു റിപ്പോർട്ടെന്നു ചോദ്യത്തിനു മറുപടിയായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.

English Summary: US's latest attack front in the Ukraine conflict: Enforcing price cap on Russian oil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com