ADVERTISEMENT

പുതുച്ചേരി∙ പഠനത്തില്‍ മികവു പുലര്‍ത്തിയതില്‍ അസൂയപൂണ്ട് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണു ക്രൂരമായ സംഭവം. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠനാണ് മരിച്ചത്. ജൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തശേഷം കുട്ടിക്കു നല്‍കുകയായിരുന്നു. കുട്ടിക്കു ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ ആശുപത്രി ആക്രമിച്ചു.

എങ്ങനെയെങ്കിലും തന്റെ മകനെ ക്ലാസിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ ഒരമ്മ ചെയ്ത കൊടുംക്രൂരതയില്‍ നടുങ്ങിയിരിക്കുകയാണ് കാരയ്ക്കല്‍. ബാലമണികണ്ഠന്‍ ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ, വിഷം അകത്തുചെന്നുവെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സ്കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ജൂസ് നല്‍കിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.

ഇതനുസരിച്ച് സ്കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാക്കറ്റ് നല്‍കാന്‍ ഏല്‍പ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്നു സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്ടോറിയ എന്ന സ്ത്രീയാണു സുരക്ഷാ ജീവനക്കാരന് ജൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്.

മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ കാരയ്ക്കല്‍ സിറ്റി പൊലീസ് സഹായറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. പരീക്ഷകളില്‍ തന്റെ മകനേക്കാള്‍ മണികണ്ഠന്‍ മികച്ച മാര്‍ക്കു നേടുന്നതാണു വിഷം നല്‍കാനുള്ള കാരണമെന്നാണു മൊഴി.

ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠന്‍ മരിച്ചു. മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം –ചെന്നൈ ദേശീയപാത പുലര്‍ച്ചെ വരെ ഉപരോധിക്കുകയും ചെയ്തു. സഹായറാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി കാരയ്ക്കല്‍ എസ്പി അറിയിച്ചു.

English Summary: School student killed at Karaikal, classmate's mother arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com