ADVERTISEMENT

പുതുച്ചേരി∙ നന്നായി പഠിച്ചതിന്, അതിലേറെ ആവേശത്തോടെ നൃത്തത്തെ പ്രണയിച്ചതിനു കുഞ്ഞു മണികണ്ഠനു വിലയായി നല്‍കേണ്ടിവന്നതു സ്വന്തം ജീവൻ. കാരയ്ക്കലില്‍ 13 വയസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊന്നതു പഠനത്തിനൊപ്പം ഡാന്‍സിലും മികവു പുലര്‍ത്തിയതിനെന്നു മൊഴി. ക്ലാസില്‍ രണ്ടാം റാങ്കുകാരിയായ മകളെ എങ്ങനെയെങ്കിലും ഒന്നാമതാക്കാനായിരുന്നു കടുംകൈ എന്നും അറസ്റ്റിലായ സഹായ റാണി വിക്ടോറിയ മൊഴി നല്‍കി. നാടന്‍വിഷമാണ് പാക്കറ്റ് ജ്യൂസില്‍ കലര്‍ത്തി നല്‍കിയതെന്നും സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് കാരയ്ക്കല്‍ നെഹ്റു നഗര്‍ സ്വദേശി ബാലമണികണ്ഠന്‍ ചികില്‍സയിലിരിക്കെ മരിച്ചത്.

ആശുപത്രി കിടക്കയില്‍ വച്ചു മരണം പിടികൂടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് സംഭവിച്ചതിനെ കുറിച്ച് ബാലമണികണ്ഠന്‍ വിവരിച്ചു. ഛര്‍ദ്ദിച്ച് അവശനായിരിക്കെ, അമ്മ കൊടുത്തയച്ച ജ്യൂസ് കുടിച്ചതാണു പ്രശ്നമായതെന്ന മണികണ്ഠന്റെ വാക്കുകളാണു കൊലപാതകിയെ പിടികൂടുന്നതിലേക്കു നയിച്ചത്. വീട്ടില്‍ നിന്നാരും ജ്യൂസ് കൊടുത്തയച്ചിട്ടില്ലെന്നും ചതിയുണ്ടെന്നും മാതാപിതാക്കള്‍ സ്കൂളില്‍ അറിയിച്ചു.

അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീയാണു ജ്യൂസ് കൈമാറാനായി നല്‍കിയതെന്നു സുരക്ഷാ ജീവനക്കാരനും പൊലീസിനെ അറിയിച്ചു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണു ക്ലാസിലെ രണ്ടാം റാങ്കുകാരിയുടെ അമ്മ സഹായ റാണി വിക്ടോറിയാണു വിഷം നല്‍കിയതെന്നു കണ്ടെത്തിയത്.

പഠനത്തിന് അപ്പുറം ഡാന്‍സിലും ബാലമണികണ്ഠന്‍ മികവു പുലര്‍ത്തിയതാണു വിഷം നല്‍കാന്‍ കാരണമെന്നാണ് അറസ്റ്റിലായ സഹായറാണിയുടെ മൊഴി. എന്നും ഒന്നാമത് എത്തുന്നതു സംബന്ധിച്ചു ബാലമണികണ്ഠനും ഇവരുടെ മകളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. എങ്ങനെയെങ്കിലും മകളുടെ അഭിമാനം രക്ഷിക്കണമെന്നതിനാലാണു കടുംകൈയെന്നും ഇവരുടെ മൊഴിലുണ്ട്. കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സഹായ റാണി വിക്ടോറിയയെ കോടതി റിമാന്‍ഡ് ചെയ്തു.

English Summary: First Rank Rivalry: Classmate's Mother Imprisoned for Poisoning 13-year-old Boy in Karaikal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com