പത്തനംതിട്ട ∙ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ തെരുവുനായ കടിച്ചു പെൺകുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ്. ശ്രീ ശാസ്താ ഹിന്ദു സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഗണേശോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖത്ത് തെരുവുനായയുടെ കടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും നോക്കാൻ ആളില്ലാത്ത അവസ്ഥയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് മുറിവ് കെട്ടിയത്. മന്ത്രിയുടെ സ്വന്തം നാടിന്റെ ഗതികേടാണിത്. നിങ്ങൾ എന്തിനാണ് ഈ നങ്കൂരത്തെ വച്ചു കൊണ്ടിരിക്കുന്നതെന്നും പി.സി.ജോർജ് ചോദിച്ചു.
കാരണവന്മാർ പറഞ്ഞുതന്നിട്ടുള്ള നമ്മുടെ ആചാരങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. വരും തലമുറകൾ അത് പിന്തുടരണം. രാജാധികാരം ദുഷിച്ചാൽ പ്രകൃതി കോപിക്കും. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി പ്രകൃതിക്ഷോഭങ്ങളാൽ നാം പൊറുതിമുട്ടിയിരിക്കുകയാണ്. രാജാധികാരത്തിന് തുല്യമായി നമ്മുടെ സംസ്ഥാനം ഭരിക്കുന്നവർ സ്വർണക്കടത്ത് ഉൾപ്പെടെ അഴിമതിയിൽ മുങ്ങിയിരിക്കുന്നതു മൂലമാണ് നാം ഇന്ന് അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
English Summary: PC George on Pathanamthitta Stray Dog Attack