ADVERTISEMENT

കോഴിക്കോട്∙ ഗുജറാത്തി സ്ട്രീറ്റിൽ മിൽക് ഷെയ്ക്കിൽ കഞ്ചാവ് കുരു ചേർത്തു നൽകി എന്ന എക്സൈസ് കേസിൽ ട്വിസ്റ്റ്. ഷെയ്ക്കിൽ ചേർത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് കുരുവാണെന്നും കടയുടമ ഡോ. സുഭാഷിഷ്. സമൂഹമാധ്യമങ്ങൾ വഴി ‘കഞ്ചാവ് ഷെയ്ക്കി’ന് വ്യാപക പ്രചാരണം ലഭിച്ചതോടെയാണ് എക്സൈസ് പരിശോധന നടത്തിയത്. വിദ്യാർഥികൾ ഇത് കൂടുതലായി ഉപയോഗിക്കുന്നെന്നും പരാതി ഉയർന്നിരുന്നു. 

‘ഹെംപ് സീഡുകൾ വളരെ പോഷകഗുണമുള്ളവയാണ്. പ്രോട്ടീൻ അളവ് വളരെ കൂടുതലാണ്. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്കും ത്വക്കിനും വളരെ ഗുണപ്രദമായവയാണ്. 2021 നവംബർ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന് അനുമതി നൽകിയിരുന്നു. അവർ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടാണ് ഈ കട നടത്തുന്നത്’– കട ഉടമ പറഞ്ഞു. 

ഇന്നലെ രാവിലെയാണ് ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതിനെതിരെ കേസെടുത്തെന്നാണ് എക്സൈസ് ഇന്നലെ രാത്രി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചത്. 

കടയിൽനിന്നു ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകവും പിടികൂടി. സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമ പ്രകാരമാണ് കേസ് എടുത്തത്. സീഡ് ഓയിൽ രാസപരിശോധനക്കായി റീജനൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അസി. എക്‌സൈസ് കമ്മിഷണർ എൻ.സുഗുണൻ അറിയിച്ചത്.

English Summary: Shop Owner explanation on selling ganja mixed milk shake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com