ADVERTISEMENT

തിരുവന്തപുരം∙ മലയാളികൾക്ക് ഓണാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ചിന്തയാണിത്. ആ നിലയ്ക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണാശംസകൾ നേർന്ന് രാഷ്ട്രപതി

‘‘ഓണത്തിന്റെ ഈ അവസരത്തിൽ, ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ സഹപൗരന്മാർക്കും പ്രത്യേകിച്ച് കേരളത്തിലെ സഹോദരീ സഹോദരന്മാർക്കും എന്റെ ഊഷ്മളമായ ആശംസകളും നന്മകളും നേരുന്നു. വിളവെടുപ്പിന്റെ അടയാളമായി ആഘോഷിക്കുന്ന ഓണം, നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കാനും പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമാണ്. കേരളത്തിലെ ജനങ്ങൾ അവരുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിച്ചു പോരുന്നു. പരസ്പര സഹകരണവും സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ഈ ഉത്സവം. ഈ അവസരത്തിൽ, ഐക്യത്തോടെ പ്രവർത്തിക്കാനും ഇന്ത്യയെ സമ്പന്നവും മഹത്വപൂർണ്ണവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ സംഭാവന നൽകാനും നമുക്ക് പ്രതിജ്ഞയെടുക്കാം’’ – രാഷ്ട്രപതി ദ്രൗപദി മുർമു ആശംസിച്ചു.

ഓണാശംസകളുമായി ഉപരാഷ്ട്രപതി

‘‘ഓണത്തിന്റെ ഈ ശുഭകരമായ അവസരത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ ഊഷ്മളമായ ആശംസകളും നേരുന്നു. മഹാബലി രാജാവിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം സത്യസന്ധത, അനുകമ്പ, ത്യാഗം എന്നീ ഉയർന്ന മൂല്യങ്ങളെ പ്രതീകവത്‌കരിക്കുന്നു. വയലുകളിൽ പുതിയ വിളകളുടെ രൂപത്തിൽ പ്രകൃതി മാതാവിന്റെ കനിവ് ആഘോഷിക്കുന്നതിനുള്ള ഒരു സന്ദർഭം കൂടിയാണിത്. ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ’’ – ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശംസിച്ചു.

English Summary: Onam greetings from CM Pinarayi Vijayan, President Draupadi Murmu, Vice President Jagdeep Dhankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT