ADVERTISEMENT

ഒരു തമ്പുരാട്ടിമാരും ഇത്രയധികം സ്നേഹിക്കപ്പെട്ടിട്ടുണ്ടാവില്ല. അത് കേരളത്തിലാണെങ്കിലും കാനഡയിലാണെങ്കിലും. രാജസിംഹാസനത്തിലിരിക്കുന്നവരിൽ  അസൂയയും പരിഭവങ്ങളുമില്ലാതെ ഇത്രയധികം സ്നേഹിക്കപ്പെട്ടവർ അപൂർവമാകും. അതും ലോകമെമ്പാടും.  കോളനിവൽകരണത്തിന്റെ തീരാവിദ്വേഷങ്ങൾ അവസാനിച്ചിട്ടില്ലെന്നിരിക്കെപ്പോലും. അവിടെയാണ് ബ്രിട്ടിഷ് ജനതയുടെ ‘വല്യതമ്പുരാട്ടി’ വ്യത്യസ്തയാകുന്നത്. ജനിക്കുകയാണെങ്കിൽ ഇങ്ങനെ ജനിക്കണം. ജീവിക്കുകയാണെങ്കിൽ ഇങ്ങനെ ജീവിക്കണം. വിടപറയലിലും ഇങ്ങനെ സ്നേഹിക്കപ്പെടണം. എലിസബത്ത് രാജ്ഞിയുടേത് ഭാഗ്യം ചെയ്ത ജനനമാണ്, ജീവിതമാണ്, സ്നേഹപ്പൂക്കളാൽ നിറയുന്ന വിടവാങ്ങലും.

സർ വിൻസ്റ്റൻ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ… ബ്രിട്ടനിലെ മാത്രമല്ല, എഴുപതിറ്റാണ്ടിനിടെ ലോകത്തിലെ എത്രയോ ഭരണാധികാരികൾക്കാണ്  എലിസബത്ത് രാജ്ഞി ആതിഥ്യമരുളിയത്,  ആതിഥ്യം സ്വീകരിച്ചിരിക്കുന്നത്. രാജാക്കന്മാർ മുതൽ പ്രധാനമന്ത്രിമാർ വരെ. മാർപാപ്പമാർ മുതൽ അമേരിക്കൻ പ്രസിഡന്റുമാർ വരെ.  എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ വേളയിൽ സർ വിൻസ്റ്റൻ ചർച്ചിലായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി. ഇപ്പോഴിതാ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ്സിനെ ബാൽമോറലിലെ വേനൽക്കാല വസതിയിൽ സ്വീകരിച്ചതിനുശേഷവുമാണ് ഈ വിടവാങ്ങൽ.  പതിനഞ്ച് ബ്രിട്ടിഷ് പ്രധാനമന്ത്രിമാരെ കാണാനുള്ള ഭാഗ്യമുണ്ടായി എലിസബത്ത് രാജ്ഞിക്ക്. അല്ലെങ്കിൽ പതിനഞ്ച് ബ്രിട്ടിഷ് പ്രധാനമന്ത്രിമാർക്ക് എലിസബത്ത് രാജ്ഞിയുമായി ഇടപെട്ട് ഭരണസാരഥ്യം നിർവഹിക്കാനുള്ള സുവർണാവസരമുണ്ടായി. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം അവസാനിച്ച്, നെൽസൻ മണ്ഡേലയുടെ ഉദയവും അവർക്കു കാണാനായി. 

THIS IMAGE EMBARGOED UNTIL  23:01 GMT WEDNESDAY APRIL 20 2016  In this official photograph released by Buckingham Palace Wednesday April 20, 2016  to mark her 90th birthday, Queen Elizabeth II is seen walking in the private grounds of Windsor Castle, in England, on steps at the rear of the East Terrace and East Garden with four of her dogs: clockwise from top left Willow (corgi), Vulcan (dorgie), Candy (dorgie) and Holly (corgi). (© 2016 Annie Leibovitz   via  AP) MANDATORY CREDIT
എലിസബത്ത് രാജ്ഞി (Annie Leibovitz via AP))

ഒട്ടേറെ രാജകീയചരിത്രങ്ങൾ പേരിൽകുറിച്ചാണ് എലിസബത്ത് രാജ്ഞി ലോകം ഒഴിയുന്നത്. എലിസബത്തിന്റെ ജനനം 1926 ൽ. പിതാവ് 1936ൽ ജോർജ് ആറാമൻ രാജാവായി സ്ഥാനമേറ്റു. 1947ൽ ഫിലിപ് മൗണ്ട്ബാറ്റനുമായി വിവാഹം(ഡാനിഷ് ഗ്രീക്ക് രാജകുടുംബാംഗമായ ഫിലിപ്പോസ് ആൻഡ്രു അഥവാ ഫിലിപ് ആൻഡ്രു രാജകുമാരൻ വിവാഹത്തിനു മുൻപ് അമ്മയുടെ കുടുംബപ്പേരായ മൗണ്ട്ബാറ്റൻ സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു). 1952ൽ പിതാവിന്റെ വിയോഗത്തെത്തുടർന്ന് ഇരുപത്തിയഞ്ചാം വയസിൽ ബ്രിട്ടന്റെ രാജ്ഞിയായി. ടെലിവിഷൻ ചരിത്രത്തിലെ ആദ്യത്തെ ലൈവ് സംപ്രേഷണമായും അതും രേഖപ്പെടുത്തുന്നു. അവിടുന്നങ്ങോട്ട് ബക്കിങ്ങാം കൊട്ടാരത്തിലിരുന്ന് സാക്ഷ്യംവഹിച്ചതും കടന്നുപോയതും ലോകത്തിന്റെ മാറ്റങ്ങളിലൂടെയാണ്. ബ്രിട്ടന്റെ കോളനികളിലായിരുന്ന രാജ്യങ്ങളിലെയും കോമൺവെൽത് രാജ്യങ്ങളിലെയുമൊക്കെ ഓരോ മാറ്റങ്ങൾക്കും എലിസബത്ത് രാജ്ഞി സാക്ഷ്യംവഹിച്ചു, അല്ലെങ്കിൽ പ്രേരകശക്തിയായി. യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പിന്മാറുന്നതും കണ്ടാണ് ഈ യാത്ര. 

Britain's Queen Elizabeth II smiles as she leaves after attending a Service of Thanksgiving to mark the Centenary of the Royal British Legion at Westminster Abbey in London on October 12, 2021. - The Royal British Legion has been celebrating its 100th Anniversary throughout 2021 with a special programme of activity, paying tribute to those who have contributed to its proud history and celebrating with the communities across the UK and around the world who are at its heart. (Photo by Frank Augstein / POOL / AFP)
എലിസബത്ത് രാജ്ഞി (Photo by Frank Augstein / POOL / AFP)

എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണത്തിനുശേഷം നാലു മാർപാപ്പമാർ വന്നുപോയി. പയസ് ഏഴാമൻ പാപ്പയായിരുന്നു എലിസബത്ത് രാജ്ഞി സ്ഥാനമേൽക്കുന്ന സമയത്തെ മാർപാപ്പ. പിന്നീട് ജോൺ ഇരുപത്തിമൂന്നാമൻ, പോൾ ആറാമൻ, ജോൺ പോൾ ഒന്നാമൻ, ജോൺ പോൾ രണ്ടാമൻ എന്നിവർക്കുശേഷം ബനഡിക്ട് പതിനാറാമന്റെയും പിൻഗാമി ഫ്രാൻസിസ് പാപ്പയുടെയും വരവുകൾ കാണാനായി. 

അമേരിക്കയിൽ ഹാരി എസ്. ട്രൂമാനായിരുന്നു എലിസബത്ത് രാജ്ഞി സ്ഥാനമേൽക്കവെ പ്രസിഡന്റ്. ഡ്വൈറ്റ് ഐസൻഹോവറിനെയും ജോൺ എഫ്. കെന്നഡിയെയും  ലിൻഡൻ ജോൺസനെയും റിച്ചാർഡ് നിക്സനെയും ജെറാൾഡ് ഫോർഡിനെയും ജിമ്മി കാർട്ടറെയും റൊണൾഡ് റീഗനെയും സീനിയർ-ജൂനിയർ ബുഷുമാരെയും ബിൽ ക്ലിന്റനെയും ബറാക് ഒബാമയെയും ഡോണൾഡ് ട്രംപിനെയും അവർ നേരിൽകണ്ടു. ജോ ബൈഡൻ സ്ഥാനമേറ്റതിനു പിന്നാലെയാണ് വിടവാങ്ങലും. 

FILE - Britain's Queen Elizabeth II wears a paisley print dress while receiving the President of Switzerland Ignazio Cassis and his wife Paola Cassis during an audience at Windsor Castle in Windsor, England on April 28, 2022. (Dominic Lipinski/Pool Photo via AP, File)
എലിസബത്ത് രാജ്ഞി (Dominic Lipinski/Pool Photo via AP, File)

സോവിയറ്റ് യൂണിയന്റെ വളർച്ചയും വീഴ്ചയും കണ്ടു. ജോസഫ് സ്റ്റാലിൻ മുതൽ മിഖായേൽ ഗോർബച്ചോവ് വരെയുള്ള അവരുടെ കിരീടംവയ്ക്കാത്ത രാജാക്കന്മാരെയും. ബോറിസ് യെൽസിൻ,  ദിമിത്രി മെദ്വെദേവ്, വ്ളാഡിമർ പുടിൻ തുടങ്ങിയ റഷ്യയുടെ ഇതുവരെയുള്ള പ്രസിഡന്റുമാരെയും. 

ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നു. അക്കാലത്ത് നെഹ്റു നടത്തിയ ആദ്യത്തെ ടെലിവിഷൻ അഭിമുഖം അടുത്തകാലത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നെഹ്റു മുതൽ നരേന്ദ്ര മോദി വരെയുള്ള മുഴുവൻ പ്രധാനമന്ത്രിമാരുടെയും വരവും കാണാനായി. 

ലോകമാകെ വനിതാ ഭരണാധികാരികളുടെ രാഷ്ട്രീയവളർച്ചയും തളർച്ചയും എലിസബത്ത് രാജ്ഞി കണ്ടു. ശ്രീലങ്കയിൽ സിരിമാവോ ബന്ദാരനായകെ ചരിത്രം കുറിച്ചതു മുതൽ ഇതാ ലിസ് ട്രസ് സ്വന്തം രാജ്യത്ത് ഭരണാധികാരിയാകുന്നതുവരെ. ഇതിനിടയിൽ ബ്രിട്ടനിൽതന്നെ മാർഗരറ്റ് താച്ചറിന്റെയും തെരേസ മേയുടെയും പ്രധാനമന്ത്രി പദത്തിലേക്കുള്ള വരവ്. ഇന്ത്യയിൽ ഇന്ദിരാ ഗാന്ധിയുടെ അധികാരകാലം. ഇസ്രയേലിൽ ഗോൾഡ മേയർ, ജർമനിയിൽ അംഗേല മെർക്കൽ, കാനഡയിൽ കിം കാംബൽ, ശ്രീലങ്കയിൽ പ്രസിഡന്റായി ചന്ദ്രിക കുമാരതുംഗെ, പാക്കിസ്ഥാനിൽ ബേനസീർ ഭൂട്ടോ, ബംഗ്ളദേശിൽ ഖാലിദ സിയ, ഷെയ്ക് ഹസീന… അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കമല ഹാരിസ്…. ഇങ്ങനെ പോകുന്നു ആ നിര. ഇതിനിടെ ഇന്ത്യയിൽ പ്രതിഭ പാട്ടീലും ഇപ്പോഴിതാ ദ്രൗപതി മുർമുവും സർവസൈന്യാധിപ പദവികളിലെത്തി. 

Queen Elizabeth II shelters from the rain under an umbrella in the garden of Buckingham Palace, as up to 8,000 guests attend the first royal garden party of the year, in London, Britain May 10, 2016. REUTERS/John Stillwell/Pool   Photograph taken May 10, 2016.
എലിസബത്ത് രാജ്ഞി (REUTERS/John Stillwell)

യുദ്ധങ്ങൾ, രാജാധികാരം അവസാനിപ്പക്കൽ, ജനാധിപത്യം അട്ടിമറിക്കൽ, അധികാരമാറ്റങ്ങൾ, അട്ടിമറികൾ- ആധുനികകാലഘട്ടത്തിലെ എല്ലാ രാഷ്ട്രീയമാറ്റങ്ങൾക്കും നിശബ്ദസാക്ഷ്യമാകാൻ എലിസബത്ത് രാജ്ഞിക്കായി.  ഏഴു പതിറ്റാണ്ടിലേറെ അധികാരസ്ഥാനങ്ങളിലിരുന്നപ്പോഴും വിവാദങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നതാകും ഒരുപക്ഷേ എലിസബത്ത് രാജ്ഞിയോടുള്ള ആളുകളുടെ സ്നേഹാദരവുകളും കാരണം. ബ്രിട്ടിഷ് കോളനിവൽകരണത്തോടുള്ള എതിർപ്പുകൾ ഇപ്പോഴും എതിർക്കപ്പെടുന്നുണ്ടെങ്കിലും വ്യക്തിപരമായും രാജ്യാന്തരതലങ്ങളിൽ എലിസബത്ത് രാജ്ഞിക്ക് വലിയ ആദരവും സ്ഥാനവുമാണ് ലഭിച്ചുവന്നിരുന്നത്. 

ബ്രിട്ടിഷ് രാജ്ഞി എന്ന നിലയിൽ കാനഡ എന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്തിന്റെ പരമാധികാരികൂടിയാണ് എലിസബത്ത് രാജ്ഞി. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്ന ചർച്ചകളും അഭിപ്രായങ്ങളും പലകോണുകളിൽനിന്നും പലപ്പോഴായി ഉയർന്നിട്ടുണ്ടെങ്കിലും അതൊക്കെ ശക്തിപ്രാപിക്കാത്തതിന് ഒരുപക്ഷേ കാരണം എലിസബത്ത് രാജ്ഞി എന്ന  വ്യക്തിയോടുള്ള സ്നേഹംകൊണ്ടുകൂടിയാകണം. അധികാരമേൽക്കുന്ന കാലത്ത് കാനഡയിൽ ലൂയിസ് സ്റ്റീഫൻ സെന്റ് ലോറന്റായിരുന്നു പ്രധാനമന്ത്രിപദത്തിൽ. പിന്നീട് പിയേർ ട്രൂഡോയും ഇപ്പോഴിതാ മകൻ ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയാകുന്നതുവരെ ആ പദവിയിൽ തുടരാനായി. 

ആജ്ഞാപിക്കാൻ നീയാര് എലിസബത്ത് രാജ്ഞിയോ? ഈ തലമുറയിൽപ്പെട്ട മലയാളി സ്ത്രീകൾ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും ഇത്തരമൊരു ശകാരം. പാവം എലിസബത്ത്, രാജ്ഞിയായിരിക്കെപ്പോലും ഇത്തരത്തിൽ കല്ലേൽപ്പിളർക്കുന്ന ആജ്ഞകൾ നടത്തിയിട്ടുണ്ടാകുമോയെന്നു സംശയമാണ്. പക്ഷേ, എക്കാലത്തും സ്ത്രീകളുടെയെന്നല്ല, ഏതൊരു മനുഷ്യന്റെയും സ്വകാര്യ ആഗ്രഹങ്ങളിലൊന്നാകും ജീവിക്കുകയാണെങ്കിൽ എലിസബത്ത് രാജ്ഞിയെപ്പോലെ ജീവിക്കണമെന്നത്.

English Summary: Queen Elizabeth II, Remembering A Royal life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com