ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്സഷൻ കൗൺസിൽ അംഗങ്ങൾ രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചു.

പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോർട്ട് ബാൽക്കണിയിൽനിന്നാണ് ഉണ്ടായത്. പിന്നാലെ ഹൈഡ്ഡ് പാർക്കിലും ടവർ ഓഫ് ലണ്ടനിലും ഗൺസല്യട്ടും. പരമ്പരാഗത വസ്ത്രം ധരിച്ചാണ് മുതിർന്ന നേതാക്കൾ വിളംബരം നടത്തിയത്. ഒരു മണിക്കൂറിനുശേഷം ലണ്ടൻ നഗരത്തിലെ റോയൽ എക്സ്ചേഞ്ചിൽ രണ്ടാമത്തെ വിളംബരവും. സ്കോട്‌ലൻഡിലും വെയ്ൽസിലും വടക്കൻ അയർലന്‍ഡിലും വെവ്വേറെ വിളംബരങ്ങൾ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടാകും.

ചരിത്രത്തിൽ ആദ്യമായി സ്ഥാനാരോഹണം തൽസമയം സംപ്രേഷണം ചെയ്തു. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകൾ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. പൂർണ ചടങ്ങുകൾ നടത്താൻ ധാരാളം ഒരുക്കങ്ങൾ വേണം. വിവിധ ലോകനേതാക്കളും ചടങ്ങിനെത്തും. ജോർജ് ആറാമൻ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂർണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങൾ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നടന്നത്.

രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയം ഒരു മണിക്കൂർ നേരം ഉയർത്തിക്കെട്ടും. പിന്നീടും വീണ്ടും ദുഃഖാചരണത്തിന്റെ ഭാഗമായി പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.

English Summary: Charles III To Be Proclaimed King Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com