ADVERTISEMENT

ന്യൂഡൽഹി∙ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിലെ ‘സുതാര്യതയിലും നീതിയിലും’ ഉത്കണ്ഠയുണ്ടെന്നു കാട്ടി ശശി തരൂർ ഉൾപ്പെടെ അഞ്ച് കോൺഗ്രസ് എംപിമാർ കത്തയച്ചു. എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിക്കാണ് കത്ത് അയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക, എല്ലാ സ്ഥാനാർഥികൾക്കും വോട്ടവകാശം ഉള്ളവർക്കും കൃത്യമായി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

തരൂരിനെക്കൂടാതെ മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോലൈ, അബ്ദുൽ ഖാർക്വീ തുടങ്ങിയവരും സെപ്റ്റംബർ ആറിന് മിസ്ത്രിക്ക് അയച്ച കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. വോട്ടർ പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിൽ തെറ്റായ ഇടപെടൽ നടന്നത് നിർഭാഗ്യകരമാണെന്നും അവർ കത്തിൽ പറയുന്നു.

‘‘പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നല്ല പറയുന്നത്. നാമനിർദേശ പ്രക്രീയകൾ ആരംഭിക്കുന്നതിനു മുൻപുതന്നെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി (സിഇഎ), ഇലക്ടറൽ കോളജിൽ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആവശ്യം. ആരൊക്കെയാണ് നാമനിർദേശം ചെയ്യപ്പെടാൻ യോഗ്യതയുള്ളവർ, ആർക്കാണ് വോട്ടവകാശം ഉള്ളത് എന്നു വ്യക്തമായി അറിയാൻ ഇതുവഴി സാധിക്കും.

പട്ടിക പുറത്തുപോകുന്നതിൽ ആശങ്കയുണ്ടെങ്കിൽ അതിലെ വിവരങ്ങൾ വോട്ടവകാശം ഉള്ളവരിലേക്കും സ്ഥാനാർഥികളാകാൻ കാത്തിരിക്കുന്നവരിലേക്കും കൃത്യമായി എത്തിക്കണം. വോട്ടവകാശം ഉള്ളവരും സ്ഥാനാർഥികളാകാൻ ഇരിക്കുന്നവരും അതു പരിശോധിക്കാൻ പിസിസികളിലേക്കു എത്തണമെന്നതു ചിന്തിക്കാനാകില്ല. ഈ ആവശ്യം അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ഞങ്ങളുടെ ഉത്കണ്ഠ അവസാനിക്കും’’ – എംപിമാർ കത്തിൽ പറയുന്നു.

2020ൽ സോണിയ ഗാന്ധിക്കു കത്തെഴുതിയ 23 വിമത നേതാക്കളുടെ ഭാഗമാണ് തരൂരും തിവാരിയും. ഈ സംഘത്തെ പ്രതിനിധീകരിച്ച് തരൂർ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പു പട്ടിക പുറത്തുവിടണമെന്നു തിവാരിയും ചിദംബരവും തരൂരും കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്റ്റംബർ 22ന് പുറത്തുവരും. 24 മുതൽ 30 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം. പിൻവലിക്കാനുള്ള തീയതി ഒക്ടോബർ 8 ആണ്. 17ന് തിരഞ്ഞെടുപ്പ് നടക്കും. 19ന് ഫലപ്രഖ്യാപനം.

English Summary: Shashi Tharoor, 4 Other MPs Seek Transparency In Congress Poll: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com