ADVERTISEMENT

തിരുവനന്തപുരം∙ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിക്കാനിരിക്കെ എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചു പൊലീസ് നടത്തുന്ന നീക്കത്തെ പരിഹസിച്ച് ടി.സിദ്ദിഖ് എംഎൽഎ. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് സിദ്ദിഖിന്റെ പരിഹാസം.

‘‘മാസങ്ങൾക്ക്‌ മുമ്പ്‌ രാഹുൽ ഗാന്ധി വയനാട്ടിൽ വന്നപ്പോൾ എകെജി സെന്ററിനു പടക്കമെറിയുന്നു, “ആളെ കിട്ടില്ല, സുകുമാര കുറുപ്പ്‌ കേസിനു സമാനമെന്ന് ഇ പി ജയരാജൻ.” ഭാരത്‌ ജോഡോ യാത്ര തിരുവനന്തപുരത്ത്‌ പ്രവേശിക്കുന്നു, 'ദാ- കെടക്കുന്നു പ്രതി..!! ഇങ്ങനെയങ്ങ്‌ പേടിച്ചാലോ..!!’’– അദ്ദേഹം കുറിച്ചു. കേസ് ആരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് കൈകഴുകാനാണ് പൊലീസിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചിരുന്നു.

കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പുതിയ നീക്കം. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കഴക്കൂട്ടം സ്വദേശി മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന്റെ ആലോചനയിലും പങ്കെടുത്തിരുന്നതായി ആരോപണമുണ്ട്.

ഇയാള്‍ മേനംകുളം സ്വദേശിയെക്കൊണ്ട് കൃത്യം ചെയ്യിച്ചതാണെന്നാണ് നിഗമനം. ഇരുവരെയും പലതവണ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടിരുന്നു. അക്രമി എത്തിയ മോഡലിലുള്ള സ്കൂട്ടര്‍ ഇവരില്‍ ഒരാളുടെ ബന്ധുവിനുണ്ട്. എന്നാല്‍ സംശയങ്ങളല്ലാതെ മൊബൈല്‍ സിഗ്നല്‍ ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഇവര്‍ക്കെതിരെയില്ല. അതുകൊണ്ടുതന്നെ ഇവരെ സംശയിക്കുന്നുവെന്ന വിവരം സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

Content Highlights: Kerala Police, Youth Congress, AKG Centre Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com