ADVERTISEMENT

ഷിംല ∙ തുടര്‍ച്ചയായി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പുതിയ നീക്കവുമായി ഹിമാചല്‍ പ്രദേശ് പൊലീസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തിയവരുടെ പട്ടിക ശേഖരിച്ചതോടെ പൊലീസ് പോലും ഞെട്ടുന്ന കണക്കുകളാണ് പുറത്തുവന്നത്. ഇതിനായി ഒരു റജിസ്റ്റര്‍തന്നെ പൊലീസ് തുറന്നിരിക്കുകയാണ്. ഇത്തരത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം, നാല്‍പ്പതുകാരനായ ഒരാളുടെമേല്‍ ഇരുപത്തഞ്ചോളം ലൈംഗിക കുറ്റകൃത്യങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. 

കാങ്ര ജില്ലയിലെ സിധ്പുർ ഗ്രാമത്തിലെ താമസക്കാരനായ അജയ് കുമാർ എന്നയാൾക്കെതിരെയാണ് ഇത്രയും കുറ്റകൃത്യങ്ങൾ. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ നിന്നാണ് ഇയാള്‍ക്കെതിരെ 25 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ തന്നെയാണ് കുറ്റകൃത്യങ്ങളുടെ കണക്കിലും മുന്നിട്ടു നില്‍ക്കുന്നത്. കാങ്രയ്ക്കു പുറമേ ചാമ്പ, മന്ദി, ഷിംല, സിര്‍മൗര്‍, ബിലാസ്പുര്‍, ഹമിര്‍പുര്‍, സോളന്‍ എന്നീ ജില്ലകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

2007ലാണ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത്. 2012ല്‍ മറ്റൊരു കേസും 2013ല്‍ നാലു കേസുകളും 2014ല്‍ രണ്ടു കേസുകളും 2015ല്‍ 9 കേസുകളും 2017ല്‍ രണ്ടു കേസുകളും 2018ല്‍ മൂന്നു കേസുകളും 2021ല്‍ രണ്ടു കേസുകളും ഈ വര്‍ഷം ഇതുവരെ ഒരു കേസുമാണ് ഇയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഇയാള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. ചാമ്പ ജില്ലയില്‍നിന്ന് ഒരാള്‍ക്കെതിരെ മാത്രം അഞ്ചു കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട സംഭവവുമുണ്ട്. 

2015 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് ദീപ് എന്നയാള്‍ക്കെതിരെ അഞ്ചു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളും ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. 2020 ഓഗസ്റ്റ് ഒന്നു മുതലുള്ള കണക്കുകളാണ് പൊലീസ് ശേഖരിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,028 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 24 പേര്‍ വീണ്ടുംവീണ്ടും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍ന്നതായാണ് വിവരം. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

English Summary: Himachal Pradesh: Person from Kangra found involved in 25 cases of sexual offence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com