ADVERTISEMENT

തായ്‌പെയ്∙ മിസ് തായ്‌വാൻ കാവോ മാൻ-ജങ് മലേഷ്യയിൽ നടന്ന പരിപാടിയിൽ ദേശീയപതാക കയ്യിലേന്തുന്നത് തടയാൻ സംഘാടകരിൽ ചൈന സമ്മദർദം ചെലുത്തിയെന്ന ആരോപണവുമായി തായ്‌‌‌വാൻ. 2022 വേൾഡ് കോൺഗ്രസ്‌ ഓൺ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയുടെ (ഡബ്ല്യുസിഐടി) ഉദ്ഘാടന ചടങ്ങിനിടെയാണ് ദേശീയപതാക വീശുന്നതിൽനിന്നു മിസ്‌ തായ്‌വാനെ തടഞ്ഞത്. സൗന്ദര്യമത്സരത്തിലെ മറ്റു മത്സരാർത്ഥികൾ സ്വന്തം രാജ്യത്തിന്റെ ദേശീയപതാകയുമായി വേദിയിൽ വന്നപ്പോൾ, കാവോ മാൻ-ജങ് പൊട്ടിക്കരഞ്ഞതായി തായ്‌വാൻ അധികൃതർ പറഞ്ഞു.

“ഞങ്ങളുടെ ദേശീയപതാക വേദിയിൽ പിടിക്കുന്നതിൽനിന്നു മിസ് കാവോയെ വിലക്കാൻ ചൈന, മലേഷ്യൻ സംഘാടകരിൽ സമ്മർദ്ദം ചെലുത്തി.” – തായ്‌വാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘാടകർക്ക് ഔദ്യോഗികമായി പരാതി നൽകാൻ മലേഷ്യയിലെ പ്രതിനിധി ഓഫിസിന് നിർദേശം നൽകിയെന്നും ഇത്തരം അടിച്ചമർത്തലുകൾ തായ്‌വാൻ ജനതയിലും രാജ്യാന്തര സമൂഹത്തിലും ചൈനയ്ക്കെതിരെ കൂടുതൽ വെറുപ്പുളവാക്കുമെന്നും അവർ വ്യക്തമാക്കി. സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുൻപാണ് ദേശീയപതാക എടുക്കുന്നതിൽനിന്ന് കാവോയെ തടഞ്ഞതെന്ന് തായ്‌വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് പോപ് താരങ്ങളായ മഡോണയും കാറ്റി പെറിയും ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ തായ്‌വാൻ പതാക കാണിച്ചതിനും മുൻപ് ചൈന എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇത് തായ്‌വാന്റെ സ്വാതന്ത്ര്യത്തിനായുള്ള പിന്തുണയായാണ് ചൈന കാണുന്നത്. 2016ൽ, ഒരു ഓൺലൈൻ പരിപാടിക്കാൻ ദേശീയപതാക വീശിയതിന് കൗമാരക്കാരിയായ തായ്‌വാനീസ് കെ-പോപ്പ് ഗായിക ക്ഷമാപണം നടത്താൻ നിർബന്ധിതയായി. ഗായികയ്‌ക്കെതിരെ ചൈനയിൽ രോഷം ആളിക്കത്തിയിരുന്നു. ‌സ്വയം ഭരണമുള്ള തയ്‌വാനെ സ്വന്തം പ്രവിശ്യയായാണു ചൈന കാണുന്നത്.

English Summary: Taiwan Says Beauty Queen Not Allowed To Wave Country's Flag In Malaysia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com