ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിലെ കയ്യാങ്കളിക്കിടെ യുഡിഎഫ് അംഗങ്ങള്‍ തല്ലി ബോധംകെടുത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ പ്രസ്താവനയോടു പ്രതികരിക്കാതെ മന്ത്രി വി.ശിവന്‍കുട്ടി. ഇതേക്കുറിച്ച് ഇ.പി.ജയരാജനോടുതന്നെ ചോദിക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. നിയമസഭയിൽ സംഘർഷത്തിനു തുടക്കമിട്ടത് യുഡിഎഫാണെന്ന വാദവുമായി രംഗത്തെത്തിയപ്പോഴാണ് ശിവൻകുട്ടിയെ യുഡിഎഫുകാർ തല്ലി ബോധം കെടുത്തിയെന്നു ജയരാജൻ ആരോപിച്ചത്.

‘‘കോടതിയിൽ ഇന്നലെ കുറ്റപത്രം വായിച്ചു. വീണ്ടും 26–ാം തീയതി കേസ് വച്ചിരിക്കുകയാണ്. അതിനുശേഷം വിചാരണ ആരംഭിക്കും. വിചാരണയുടെ പരിധിയിൽ നിൽക്കുന്ന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഞാൻ ആ കേസിലെ ഒരു പ്രതിയെന്ന നിലയിൽ പരസ്യമായി ചർച്ച ചെയ്യുന്നത് ശരിയല്ല’– ശിവൻകുട്ടി പറഞ്ഞു. ജയരാജന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശിവൻകുട്ടിയുടെ മറുപടി ഇങ്ങനെ: ‘‘അത് എൽഡിഎഫ് കൺവീനറുടെ അഭിപ്രായം. ഞാൻ ആ കേസിൽ ഒരു പ്രതിയാണ്. എന്നെ സംബന്ധിച്ചുള്ള കാര്യങ്ങൾ എന്റെ വക്കീൽ കോടതിയിൽ പറയും’ – ശിവൻകുട്ടി പറഞ്ഞു.

ആസൂത്രിതമായി, പദ്ധതി തയാറാക്കിയാണ് യുഡിഎഫ് അംഗങ്ങൾ അന്ന് സഭയിലെത്തിയതെന്നായിരുന്നു ഇ.പി.ജയരാജന്റെ പ്രധാന ആരോപണം. എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ശക്തമായ ആക്രമണമാണ് ഉണ്ടായതെന്നും ആരോഗ്യം അനുവദിക്കുകയാണെങ്കിൽ 26ന് കോടതിയിൽ ഹാജരാകുമെന്നുമാണു ജയരാജൻ പറഞ്ഞത്. വനിതാ എംഎൽഎമാരെ കടന്നുപിടിച്ചതായും ആരോപിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ ദിവസം ജയരാജൻ കോടതിയിൽ ഹാജരായിരുന്നില്ല.

English Summary: Minister V Sivankutty On EP Jayarajan's Controversial Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com