ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കേരളത്തിന്റെ സംഭാവനകളെ ഏറെ വിലമതിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തോട് പ്രത്യേക കരുതലുണ്ട്. ഓഖി, പുറ്റിങ്ങല്‍ ദുരന്തങ്ങളുണ്ടായപ്പോള്‍ നടത്തിയ ഇടപെടലുകള്‍ ഇതിന് തെളിവാണെന്നും നിര്‍മല സീതാരാമന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. യാതൊരുവിധ സ്വാർഥതാൽപര്യങ്ങളും കൂടാതെ, രാജ്യതാൽപര്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി മോദിക്ക് അദ്ദേഹത്തിന്റെ 72–ാം ജന്മദിനത്തിൽ ആയുരാരോഗ്യം നേരുന്നതായും നിർമല സീതാരാമൻ പറഞ്ഞു.

‘‘കേരളത്തിന് എപ്പോഴോക്കെ എന്തൊക്കെ ആവശ്യങ്ങൾ ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം സഹായഹസ്തം നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലുണ്ടായിരുന്നു. മന്ത്രിയെന്ന നിലയിലുള്ള എന്റെ ആദ്യ നാളുകളിലാണ് കേരളത്തിൽ ഒരു അമ്പലത്തോടു ചേർന്ന് വെടിക്കെട്ടിനിടെ വൻ തീപിടിത്തമുണ്ടായത്. അന്നത്തെ ആ വെടിക്കട്ട് അപകടം ഞെട്ടിക്കുന്നതായിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദർശിക്കുകയും വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനായി എയിംസിൽനിന്ന് വിദഗ്ധർ അടങ്ങിയ മെഡിക്കൽ സംഘത്തെ വിമാനത്തിൽ അവിടെ എത്തിക്കുകയും ചെയ്തു. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഏതു വിധേനയും സഹായിക്കാനുള്ള മനസ്, പ്രധാനമന്ത്രിയുടെ സ്വാഭാവികമായ നൻമകളിലൊന്നാണ്. ഇത് ഒരു ഉദാഹരണം മാത്രം’ – നിർമല സീതാരാമൻ പറഞ്ഞു.

‘‘അപ്രതീക്ഷിതമായി ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കൻ തീരത്ത് ആഞ്ഞടിച്ചപ്പോഴും വലിയ ദുരന്തമാണ് ഉണ്ടായത്. അന്ന് പ്രധാനമന്ത്രി എന്നെ വിളിച്ച് എത്രയും വേഗം കേരളത്തിലേക്കു പോകാൻ ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സന്ദർശിച്ച് അവർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സഹായം ഉറപ്പാക്കാൻ നിർദ്ദേശിച്ചു. അന്ന് തീരസംരക്ഷണ സേനയെയും നാവികസേനയെയും വ്യോമസേനയെയും രംഗത്തിറക്കിയത് അദ്ദേഹം മുൻകയ്യെടുത്താണ്. ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായവും ഉറപ്പുവരുത്താൻ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു’ – നിർമല പറഞ്ഞു.

ഇന്ത്യൻ സമ്പദ് ഘടനയ്ക്ക് കേരളം നൽകുന്ന സംഭാവനകളോട് പ്രധാനമന്ത്രി മോദിക്കുള്ള ബഹുമാനം തനിക്ക് വ്യക്തമായി അറിയാവുന്നതാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കേരളത്തെ നയിച്ച സാമൂഹിക പരിഷ്കർത്താക്കളുടെ കാര്യവും അവർ എടുത്തുപറഞ്ഞു. ആദിശങ്കരന്റെ കാലം മുതൽത്തന്നെ കേരളത്തിൽ ഉണ്ടായിട്ടുള്ള ചിന്താപരമായ മുന്നേറ്റങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.

English Summary: PM Narendra Modi Has Special Affection Towards Kerala, Says Union Minister Nirmala Sitaraman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com