ADVERTISEMENT

ലണ്ടൻ ∙ അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് ആദരം അർപ്പിക്കാനും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനുമായി രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിൽ എത്തി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സ്വീകരിച്ചു. 

നൂറിലേറെ രാഷ്ട്രത്തലവന്മാർ അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തിൽ വെസ്റ്റ്മിൻസ്റ്റർ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ  സംസ്കാരച്ചടങ്ങുകൾ. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വിൻഡ്സറിലേക്കു കൊണ്ടുപോകും. കഴിഞ്ഞ വർഷം മരിച്ച ഭർത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം. 

ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ യുഎസ് പ്രസി‍ന്റ് ജോ ബൈഡൻ, ജപ്പാൻ ചക്രവർത്തി നാറുഹിതോ, ചക്രവർത്തിനി മസാകോ എന്നിവരും ലണ്ടനിൽ എത്തിയിരുന്നു. രാജ്യത്തെ പ്രതിനിധികരിച്ച് രാജ്ഞിക്ക് ആദരം അർപ്പിക്കാൻ വൈസ് പ്രസിഡന്റ് വാങ് ചിഷാൻ ലണ്ടനിൽ എത്തുമെന്നു ചൈന ശനിയാഴ്‍ച അറിയിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിനായി ലണ്ടനിലെത്തുന്ന ചൈനീസ് സംഘത്തിന് പാർലമെന്റിനുള്ളിൽ അന്തിമോപചാരം അർപ്പിക്കാൻ ബ്രിട്ടിഷ് സർക്കാർ അനുമതി നിഷേധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

തിങ്കളാഴ്ച അന്ത്യയാത്രയ്ക്ക് അകമ്പടി പോകുന്ന നൂറുകണക്കിനു ബ്രിട്ടിഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങൾ ശനിയാഴ്ച പൂർണ റിഹേഴ്സൽ നടത്തി. വിൻഡ്സർ കൊട്ടാരത്തിലേക്കു നീളുന്ന ‘ദ് ലോങ് വോക്’ നിരത്തിലാണു പരിശീലനം നടത്തിയത്. എലിസബത്ത് രാജ്ഞിക്ക് ആദരം അർപ്പിക്കാൻ പതിനായിരങ്ങൾ ആണ് മണിക്കൂറുകൾ കാത്തുനിൽക്കുന്നത്. 16 മണിക്കൂർ വരെ കാത്തുനിന്നവർക്കാണ് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ മൃതദേഹത്തിന് അരികിലേക്ക് എത്താൻ കഴിയുന്നത്. ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം 13 മണിക്കൂർ വരി നിന്നാണ് രാജ്ഞിക്ക് ആദരം അർപ്പിച്ചത്. 

English Summary: Droupadi Murmu Arrives In London To Attend Queen's Funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com