ADVERTISEMENT

ബെംഗളൂരു ∙ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല. സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി കൈമാറാത്തതിനാലാണ് സില്‍വര്‍ലൈന്‍ മംഗളൂരു വരെ നീട്ടുന്നകാര്യം കേരളം ഉന്നയിക്കാതിരുന്നത്. അതേസമയം, മലപ്പുറം–മൈസൂരു ദേശീപാതയ്ക്ക് ചര്‍ച്ചയില്‍ ധാരണയായി. ബെംഗളൂരുവില്‍ നടന്ന കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചു.

ബെംഗളൂരുവിൽ രാവിലെ 9.30ന് കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിലായിരുന്നു കൂടിക്കാഴ്ച. എൻഎച്ച് 766ലെ രാത്രികാല നിയന്ത്രണത്തിനു ബദൽ സംവിധാനമായി ദേശീയപാത അതോറിറ്റി തയാറാക്കുന്ന മൈസൂരു– മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും, സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പിലാക്കാൻ കേരളവും കർണാടകവും സംയുക്തമായി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. 

വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂർ- കണിയൂർ റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തുന്നു. (Photo - Twitter/@BSBommai)
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തുന്നു. (Photo - Twitter/@BSBommai)

ചർച്ചയിൽ കർണാടക ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മന്ത്രി വി.സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, കർണാടക ചീഫ് സെക്രട്ടറി വന്ദിത ശർമ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കർണാടക സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Kerala CM Pinarayi Vijayan meets Karnataka CM Basavaraj Bommai- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com