ADVERTISEMENT

ആലപ്പുഴ ∙ ഗവര്‍ണറുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരാണ് ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറയണം. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞത് സ്വാഗതാര്‍ഹമെന്നും സതീശൻ പറഞ്ഞു. തെറ്റിന് കൂട്ടുനിന്ന ഗവർണർ ഇപ്പോൾ എല്ലാം തുറന്നു പറയുകയാണ്.

ആർഎസ്എസ് മേധാവിയെ താമസസ്ഥലത്ത് കണ്ടത് സ്ഥാനത്തിന് യോജിക്കാത്തതാണ്. ഇതിനു മുൻപു  സർക്കാർ – ഗവർണർ പ്രശ്നം ഉണ്ടായപ്പോൾ ഇടനിലക്കാർ വഴി ഒത്തുതീർപ്പാക്കി. നാളെയും മുഖ്യമന്ത്രി ഇടനിലക്കാർ വഴി ഗവർണറെ കാണും. ഗവർണറുടെ ആരോപണത്തിന് ഉത്തരം നൽകേണ്ടത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ്. ഭരിക്കുന്നവർ സർവകലാശാലാ വൈസ് ചാൻസലർക്കുവേണ്ടി സ്വാധീനം ചെലുത്തിയ ആദ്യ സംഭവമാണിത്.

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയും ഇഷ്ടക്കാരനെ നിയമിക്കാൻ ഒരു മുഖ്യമന്ത്രിയും ഗവർണറുടെ അടുത്തുപോയി സ്വാധീനം ചെലുത്തിയിട്ടില്ല. ഇത് ആദ്യത്തെ കേസാണ്. കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ ഇരുവരും ഒത്തുചേർന്നു. നിയമപ്രകാരം ഗവർണർ ഉണ്ടാക്കിയ സെർച്ച് കമ്മിറ്റി ഈ ശുപാർശയും സ്വാധീനത്തെയുംതുടർന്ന് പിരിച്ചുവിടുകയും പ്രായം കൂടിയതിനാൽ അപേക്ഷിക്കാൻ പോലും കഴിയാതിരുന്ന നിലവിലെ വിസിക്ക് പുനർനിയമനം നൽകുകയും ചെയ്തു. 

ഇപ്പോൾ പറയുന്നത് ഗവർണർ ആർഎസ്എസ്സിന്റെ ആളായി സർക്കാരിനെ ഉപദ്രവിക്കുന്നു എന്നാണ്. അന്ന് ഈ ആർഎസ്എസിനെ പിന്തുണയ്ക്കുന്ന ആരിഫ് മുഹമ്മദ് ഖാനുമായി സന്ധിയുണ്ടാക്കി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് തടസ്സമുണ്ടായില്ല. കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ നടന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ ഉന്നയിക്കുന്ന കാര്യങ്ങൾക്കു മറുപടി നൽകേണ്ടത് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. 

ലോകായുക്ത ബില്ലും സർവകലാശാല ബില്ലും ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞത് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഗവർണർ ഇപ്പോൾ തെറ്റു തിരുത്തുന്നത് പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണ്. ലോകായുക്ത ഓർഡിനൻസ് വന്നപ്പോൾ ഇത് നിയമവിരുദ്ധമാണ്, ഒരുകാരണവശാലും അംഗീകരിക്കല്ലെന്ന് പറഞ്ഞതാണ്. അന്ന് ഓർഡിനൻസിൽ ഒപ്പുവച്ച് രണ്ടു കൂട്ടരും കൂടി ഒന്നു ചേർന്നു. ഇപ്പോൾ ബില്ല് ഒപ്പുവയ്ക്കില്ലെന്ന് നിലപാടെടുത്തു. നിയമവിരുദ്ധമായ ബില്ല് ഒപ്പുവയ്ക്കരുതെന്നു തന്നെയാണ് ഞങ്ങളുടെ നിലപാടും– സതീശൻ പറഞ്ഞു. 

English Summary: VD Satheesan on Governor Arif Mohammed Khan's allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com