ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിനും സിപിഎമ്മിനുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടത്തിയ അസാധാരണ വാർത്താ സമ്മേളനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനം വിളിച്ചാണു മുഖ്യമന്ത്രി ഗവർണർക്കെതിരായ നിലപാട് വ്യക്തമാക്കിയത്. ആർഎസ്എസ് ബന്ധമുള്ളയാളാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വാർത്താ സമ്മേളനം വിളിച്ച ഗവർണറുടേത് അസാധാരണ നടപടിയാണ്. സാധാരണ ‘നിന്ന് പറയുന്നത് ഗവർണർ ഇരുന്ന്’ പറഞ്ഞു. സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസം അറിയിക്കുന്നതിനു നിയതമായ രീതികളുണ്ട്. അതിലൂടെ വിയോജിപ്പ് അറിയിക്കാം. ഗവർണർ പരസ്യനിലപാട് എടുക്കുന്നതിനാലാണ് മാധ്യമങ്ങളോട് ഇതു തുറന്നു പറയേണ്ടി വരുന്നത്. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണു ഗവർണർ പ്രവർത്തിക്കേണ്ടതെന്നു ഭരണഘടന പറയുന്നു. മന്ത്രിസഭയുടെ ഉപദേശം നിരസിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഭരണഘടനയാണു പ്രധാനം. ഗവർണറാണു സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ. ഭരണനിർവഹണ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ‌ു ഗവർണർ പ്രവർത്തിക്കേണ്ടതെന്നാണ് ഭരണഘടന പറയുന്നത്. ഗവർണർ ഒപ്പിട്ട ഒരു നിയമത്തിനും ഗവർണർക്കു വ്യക്തിപരമായ ഉത്തരവാദിത്തമില്ല. ഉത്തരവാദിത്തം സർക്കാരിനാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് കോടതി ഉത്തരവുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ വെള്ളം കുടിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ വെള്ളം കുടിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

സംഘടനകളിൽനിന്ന് അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണു ഗവർണറുടേത്. ഗവർണറുടെ ഓഫിസിനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കുന്നു എന്ന ആക്ഷേപം ഉയരുന്നു. ആർഎസ്എസ് വാട്സാപ് ഗ്രൂപ്പിൽനിന്നാണോ ഗവർണർ വിവരം ശേഖരിക്കുന്നത്. തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഗവർണർ പ്രശംസയും സ്നേഹവും നൽകിയത് ആർഎസ്എസിനാണ്. ഭരണഘടനാ സ്ഥാനത്തിരുന്ന് ഇതു പറയാമോ എന്നു മുഖ്യമന്ത്രി ചോദിച്ചു.

2019 ഡിസംബർ 28ന് കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിനിടെ വസ്തുതാ വിരുദ്ധമായ പരാമർശം ഗവർണറുടെ ഭാഗത്തുനിന്നുണ്ടായി. ഗവർണറുടെ തെറ്റായ പരാമർശത്തിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്. പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ട എന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നും ഗവർണർ വിളിച്ചു. ലോകം അംഗീകരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. സംഘപരിവാറിനെതിരെ നിലപാട് സ്വീകരിച്ചവരാണ് ഇർഫാൻ ഹബീവും ഗോപിനാഥ് രവീന്ദ്രനും. ചരിത്രത്തെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഇഷ്ടമുള്ള അജൻഡ നടപ്പാക്കാൻ ഗവർണർ സർവകലാശാലകളെ പരീക്ഷണ കേന്ദ്രങ്ങളാക്കുന്നു. കേരള സർവകലാശാലയിലെ വൈസ് ചാൻസലർ (വിസി) നിയമനത്തിനു സമിതിയെ നിയമിച്ചത് നിയമവിരുദ്ധമാണ്. ആർഎസ്എസിന്റെ പരീക്ഷണശാലയാകാൻ കേരളത്തിലെ സർവകലാശാലകളെ തുറന്നിടാനാകില്ല. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം നിയമപ്രകാരമാണ്. ഗവർണറുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുപറയുന്നതു ശരിയല്ല. വ്യക്തിപരമായി ഗവർണറെ ആക്ഷേപിക്കാൻ തയാറല്ല. 

ഗവർണറിൽ സമ്മർദം ചെലുത്തി ഒന്നും നേടേണ്ട ആവശ്യം സർക്കാരിനില്ല. വായിച്ചുപോലും നോക്കാതെ ബില്ലിൽ ഒപ്പിടില്ലെന്നു പറയുന്നതു ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബില്ലുകള്‍ പാസാക്കുന്നതു നിയമസഭയിലെ വിശദമായ ചർച്ചയ്ക്കുശേഷമാണ്. ഗവർണർക്കു ബില്ലിന് അനുമതി നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. തിരിച്ചയച്ച ബിൽ വീണ്ടും പാസാക്കിയാൽ അതു ഗവർണർ ഒപ്പിടേണ്ടിവരും. ജനങ്ങൾക്കും നാടിനും എതിരായി മാറുകയാണു ഗവർണറുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം കഴിഞ്ഞു മടങ്ങുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം കഴിഞ്ഞു മടങ്ങുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

പൗരത്വ ഭേദഗതി നിയമം (സിഎഎ) പൊടിതട്ടിയെടുക്കാൻ ഗവർണർ ശ്രമിക്കുന്നു. ഇടതുപക്ഷം നിലവിലുള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സമ്മതിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടേയോ പ്രതിപക്ഷത്തിന്റെയോ ജോലിയാണോ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊളേണിയൽ കാലത്തെ പ്രവശ്യകളല്ല സംസ്ഥാനങ്ങൾ. സംസ്ഥാന സർക്കാരിനെ രാജ്ഭവനിലിരുന്നു നിയന്ത്രിക്കാമെന്നു ഗവർണർ കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണർ കേരളത്തിൽനിന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നു പരിഹസിച്ചു ചോദിച്ച മുഖ്യമന്ത്രി, ഗവർണർ നല്ല സ്ഥാനാർഥിയാണെന്നു ബിജെപിക്കും തോന്നലുണ്ടാവുമെന്ന് പറഞ്ഞു.

English Summary: CM Pinarayi Vijayan against Kerala Governor Arif Mohammad Khan in press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com