ADVERTISEMENT

കൊച്ചി∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ‍് ചെയ്തു. അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു സവർക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

ഫ്ലെക്സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവർത്തകനായിരുന്നുവെന്നാണ് വിശദീകരണം. ഇതിനായി ഒരു കടക്കാരനെ സമീപിച്ച് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാൻ നിർദേശിച്ചുവെന്നും അയാളുടെ ഭാഗത്തെ പിഴവാണ് അതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടയുടനെ അതു നീക്കാൻ നിർദേശം നൽകിയതായും നേതാക്കൾ അറിയിച്ചു.

രബിന്ദ്രനാഥ് ടഗോർ, അബ്ദുൽ കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചത്. യാത്ര അത്താണിയിൽ എത്തുന്നതിനു മുൻപുതന്നെ ഇതു മറച്ചു. സംഭവത്തിൽ ജില്ലാ നേതൃത്വം പ്രാദേശിക നേതാക്കളോടു വിശദീകരണം തേടി.

‘വിവാദങ്ങൾ യാത്രയെ ബാധിക്കില്ല’

സവർക്കറുടെ ചിത്രത്തിന്റെ പേരിൽ സിപിഎം കോൺഗ്രസിനെ വിമർശിക്കുകയാണെന്ന് മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ്. രാജീവ് ഗാന്ധിക്കെതിരെ വി.പി. സിങ്ങിനൊപ്പം ബിജെപിയെ കൂട്ടുപിടിച്ചവരാണ് സിപിഎം. വിവാദങ്ങൾ യാത്രയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Controversy erupted over Savarkar's photo in Bharat Jodo Yatra's campaign flex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com