ADVERTISEMENT

കോഴിക്കോട്∙ അമൂല്യലോഹങ്ങളുടെ ഇറക്കുമതി ചട്ടത്തിലെ അവ്യക്തത മുതലെടുത്ത് പ്ലാറ്റിനം ലോഹക്കൂട്ടുകളിൽ സ്വർണം കലർത്തി ഇറക്കുമതി ചെയ്ത് നികുതിവെട്ടിപ്പു നടത്തുന്നതായി ആരോപണം. ശുദ്ധീകരിച്ച സ്വർണം പ്ലാറ്റിനത്തിൽ വലിയ തോതിൽ മിശ്രണം നടത്തിയാണ് ഇറക്കുമതി ചെയ്യുന്നത്.

നിലവിൽ സ്വർണത്തിന് 15 ശതമാനമാണ് ഇറക്കുമതി തീരുവ. എന്നാൽ പ്ലാറ്റിനം ലോഹക്കൂട്ടുകൾ ഇറക്കുമതി ചെയ്യുമ്പോൾ 10.75 ശതമാനം നികുതി മാത്രമേ നൽകേണ്ടതുള്ളൂ. ലോഹക്കൂട്ടിന്റെ 96 ശതമാനവും ശുദ്ധീകരിച്ച സ്വർണം ഉൾപ്പെടുത്തി ബാക്കി 4 ശതമാനം മാത്രം പ്ലാറ്റിനം ചേർത്താണ് പ്ലാറ്റിനം ലോഹക്കൂട്ടുകളെന്ന നിലയിൽ ഇറക്കുമതി നടത്തുന്നത്. ഇതിലൂടെ സ്വർണത്തിനുള്ള 15 ശതമാനം ഇറക്കുമതി നികുതിക്കു പകരം പ്ലാറ്റിനത്തിനുള്ള 10.75 ശതമാനം നികുതി മാത്രം നൽകിക്കൊണ്ട് സ്വർണം ഇന്ത്യയിലേക്ക് കടത്താൻ കഴിയും. ഇതിലൂടെ വലിയ ലാഭമാണ് തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കുന്നതെന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞു. 

പ്ലാറ്റിനത്തിന്റെ പേരിൽ ഇറക്കുമതി നടത്തുന്ന സ്വർണ്ണം പിന്നീട് നേരിട്ട് സ്വർണാഭരണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിയമ പ്രകാരം ഏതെങ്കിലും ലോഹക്കൂട്ടിന്റെ രണ്ട് ശതമാനത്തിന് മുകളിൽ അമൂല്യ ലോഹമായ പ്ലാറ്റിനം അടങ്ങിയാൽ അത് പ്ലാറ്റിനം ലോഹക്കൂട്ടായാണ് കണക്കാക്കുക. ഇതാണ് നികുതി വെട്ടിപ്പുകാർക്ക് തുണയാകുന്നത്. സ്വർണ ഇറക്കുമതിക്കാരിൽ ചിലരും കള്ളക്കടത്ത് സംഘങ്ങളുമാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങൾ പതിവായതോടെ അമൂല്യലോഹങ്ങളുടെ ഇറക്കുമതി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 15 ശതമാനത്തിലേക്ക് ഉയർത്തിയപ്പോൾ പ്ലാറ്റിനത്തിന്റെ തീരുവ മാറ്റമില്ലാതെ 10.75 ശതമാനത്തിൽ തുടരുന്നതാണ് തട്ടിപ്പുകാർക്ക് സഹായകമാകുന്നത്. ഇറക്കുമതി ചട്ടത്തിലെ ഈ അവ്യക്തത മാറ്റണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്. സ്വർണത്തിനേക്കാൾ കുറഞ്ഞ ഇറക്കുമതി തീരുവയാണ് മറ്റ് അമൂല്യ ലോഹങ്ങൾക്കുള്ളത്. ഇത്തരം ലോഹങ്ങളുടെ മിശ്രിതങ്ങളിൽ തൊണ്ണൂറ് ശതമാനത്തിനധികവും സ്വർണം ഉൾപ്പെടുത്തി കുറഞ്ഞ നികുതിയിൽ സ്വർണം ഇന്ത്യയിലേക്ക് കടത്താനുള്ള സാധ്യതയും ഏറെയാണ്.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതുമാത്രമാണ് ലോഹക്കൂട്ടുകളുടെ പേരിൽ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള മാർഗമെന്ന് ജ്വല്ലറി വ്യവസായ മേഖലയിലുള്ളവർ പറയുന്നു.

English Summary: Allegation of tax evasion by importing platinum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com