ADVERTISEMENT

കൊച്ചി ∙ കോൺഗ്രസ് ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചിപ്പിച്ച് മുതിർന്ന നേതാവ് അശോക് ഗെലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ മുഖ്യമന്ത്രി സ്ഥാനവും കൂടി വഹിച്ച ചരിത്രമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഗെലോട്ടിന്റെ പ്രതികരണം.

‘ഒരാള്‍ക്ക് ഒരു പദവി’ എന്ന ഉദയ്പുര്‍ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കണം എന്ന് രാഹുല്‍ ഗാന്ധി നിലപാട് എടുത്തിരുന്നു. ഗെലോട്ട് ഒഴിഞ്ഞാല്‍ സച്ചിന്‍ പൈലറ്റിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. ഇരുപദവികളും വഹിക്കുന്നതിന് തടസമില്ലെന്ന ഗെലോട്ടിന്റെ നിലപാട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തള്ളിയിരുന്നു.

ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിര്‍ പ്രഖ്യാപനം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, ഇരട്ടപ്പദവി എന്ന അശോക് ഗെലോട്ടിന്‍റെ ആഗ്രഹം മുളയിലേ നുള്ളി. ഒരു പ്രത്യേക ആശയധാരയെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ പദവിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമെന്ന് രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. രാഹുലിന്‍റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടു മുൻപും മാധ്യമങ്ങളെ കണ്ട ഗെലോട്ട്, ഇരുപദവികളും ഒരുപോലെ വഹിക്കാനാവും എന്നായിരുന്നു പറഞ്ഞത്.

അതേസമയം, ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ ഗെലോട്ട് രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് എതിരു നില്‍ക്കില്ലെന്നും ഉറപ്പായിരുന്നു. അതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചിപ്പിച്ചത്. ഇതോടെ, രണ്ടു മാസത്തിനുള്ളില്‍ രാജസ്ഥാന് പുതിയ മുഖ്യമന്ത്രിയുണ്ടാകാനും വഴിതെളിഞ്ഞു. സച്ചിന്‍ പൈലറ്റിനാണ് ഹൈക്കമാന്‍ഡ് പിന്തുണ എന്നാണ് സൂചന.

എന്നാല്‍ പിസിസി അധ്യക്ഷന്‍ ഗോവിന്ദ് ദൊതസര അല്ലെങ്കില്‍ ശാന്തി ധരിവാള്‍ എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെലോട്ട് നിര്‍ദേശിക്കുന്നത്. സ്പീക്കര്‍ സി.പി.ജോഷിയും മുഖ്യമന്ത്രിക്കസേരക്കായി നീക്കം നടത്തുന്നുണ്ട്.

അതേസമയം, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നിലധികം പേര്‍ നാമനിര്‍ദേശ പത്രിക നല്‍കിയാല്‍ സുതാര്യമായ വോട്ടെടുപ്പു നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനൻ മിസ്ത്രി അറിയിച്ചു. സമവായം തന്‍റെ പരിഗണനയില്‍ വരുന്ന വിഷയമല്ല. ഇതിനിടെ ശശി തൂരിന് പിന്തുണയുമായി ജി 23 അംഗം പി.െജ കുര്യന്‍ രംഗത്തെത്തി. തരൂരിനെ പിന്തുണയ്ക്കില്ലെന്ന് കെപിസിസി തീരുമാനമെടുത്തിട്ടില്ലെന്നും കുര്യന്‍ വ്യക്തമാക്കി.

English Summary: Ashok Gehlot Is Ready To Quit As Rajasthan CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com