ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് നിലവിലുള്ള ‘അനൈക്യത്തിന്റെ അന്തരീക്ഷ’ത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആശങ്കാകുലനാണെന്ന് മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി. മുസ്‌ലിം വിഭാഗത്തിലെ അഞ്ച് പ്രമുഖരുമായി ബുധനാഴ്ച ഭാഗവത് 75 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ ഖുറേഷിയും ഉൾപ്പെട്ടിരുന്നു. കൂടിക്കാഴ്ച ‘ക്രിയാത്മകവും’ ‘വ്യക്തവും’ ആയിരുന്നെന്നും ഇരുവിഭാഗത്തിനും ആശങ്കയുള്ള കാര്യങ്ങൾ ചർച്ചയായെന്നും ഖുറേഷിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗ്യാൻവാപി പള്ളി കേസിന്റെ പശ്ചാത്തലത്തിൽ ‘എല്ലാ മുസ്‌ലിം പള്ളിക്കു കീഴിലും ശിവലിംഗം ഉണ്ടോയെന്നു നോക്കണമെന്ന’ പ്രസ്താവന ചോദ്യം ചെയ്ത് മോഹന്‍ ഭാഗവത് രംഗത്തെത്തിയതിനു ഏതാനും ആഴ്ചകൾക്കുശേഷം ഓഗസ്റ്റിൽ തന്നെ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടന്നിരുന്നു. രാജ്യത്തെ ഇന്നത്തെ അവസ്ഥയിൽ ആർഎസ്എസിനുള്ള ആശങ്ക ഭാഗവതിനെ അറിയിച്ചു.

‘‘ഭീതി പരക്കുന്നതായി അദ്ദേഹത്തിനും വ്യക്തമായി. രാജ്യത്ത് ഇപ്പോഴുള്ള സ്വരച്ചേർച്ചയില്ലാത്ത അവസ്ഥയിൽ അദ്ദേഹം സന്തുഷ്ടനല്ല. അതു പൂർണമായും തെറ്റാണ്. സഹകരണത്തോടെയും യോജിപ്പിലൂടെയും മാത്രമേ രാജ്യത്തിനു മുന്നോട്ടുപോകാനാകൂ.’’ – ഭാഗവത് പറഞ്ഞതായി ഖുറേഷി കൂട്ടിച്ചേർത്തു. ‘‘ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഗോവധത്തെക്കുറിച്ചും ഭാഗവത് സംസാരിച്ചു. എന്നാൽ രാജ്യമെങ്ങും ഇപ്പോൾ ഗോവധ നിരോധനം നടപ്പാക്കിയതുപോലെയാണെന്നു ഞങ്ങൾ പറഞ്ഞു. മുസ്‌ലിംകൾ നിയമം അനുസരിക്കുന്നവരാണ്. ആരെങ്കിലും അതു ലംഘിച്ചാൽ വലിയ തെറ്റാണ്. അതിനു ശിക്ഷയുണ്ടാകണം.

‘കാഫിർ’ എന്ന വാക്ക് ഹിന്ദുക്കൾക്കു മോശം തോന്നലുണ്ടാക്കുന്നുവെന്ന് ഭാഗവത് പറഞ്ഞപ്പോൾ ആ അറബി വാക്കിന്റെ അർഥം ‘അവിശ്വാസി’ എന്നാണെന്നും ഇസ്‌ലാമിൽ വിശ്വസിക്കുന്നവരെ ‘മോമിൻ’ എന്നുമാണ് വിളിക്കുന്നതെന്നും ഞങ്ങൾ പറഞ്ഞു. നിഷ്പക്ഷമായ വാക്കാണ് അതെങ്കിലും ഇപ്പോൾ മോശം അർഥത്തിലാണ് ഉപയോഗിക്കുന്നത്. ആ വാക്കിന്റെ ഉപയോഗം നിർത്തുന്നതിൽ പ്രശ്നമില്ലെന്നും ഞങ്ങൾ പറഞ്ഞു.

വലതുപക്ഷ നിലപാടുള്ളവർ മുസ്‌ലിംകളെ ജിഹാദികളെന്നും പാക്കിസ്ഥാനികളെന്നും വിളിക്കാറുണ്ട്. മുസ്‌ലിംകളുടെ കൂറിനെക്കുറിച്ച് അവർക്കു സംശയമാണ്. എല്ലാ അവസരത്തിലും ദേശഭക്തി തെളിയിക്കേണ്ടി സാഹചര്യമാണുള്ളത്. മുസ്‌ലിംകളും ഇന്ത്യക്കാരാണ്. ഇക്കാര്യം പറഞ്ഞപ്പോൾ നമ്മൾ ഒരേ ഡിഎൻഎ ഉള്ളവരാണെന്നും ഇവിടുത്തെ ഭൂരിപക്ഷം മുസ്‍ലിംകളും മതപരിവർത്തനം ചെയ്തവരാണെന്നും ഭാഗവത് പറഞ്ഞു. ശിവലിംഗ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് ശക്തമാണ്. അതു സ്വാഗതം ചെയ്യുന്നു.’’ – ഖുറേഷി പറഞ്ഞു.

ഖുറേഷിയെക്കൂടാതെ ഡൽഹി മുന്‍ ലഫ്. ഗവർണർ നജീബ് ജങ്, അലിഗഡ് സർവകലാശാല ലഫ്. ജനറൽ സമീർ ഉദ്ധിൻ ഷാ, മുൻ എംപി ഷാഹിദ് സിദ്ദീഖി വ്യവസായി സയീദ് ഷെർവാണി എന്നിവരും പങ്കെടുത്തു.

English Summary: RSS Chief "Discussed Cow Slaughter, Disharmony" With Muslim Intellectuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com